കൊച്ചി : ( www.truevisionnews.com ) തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസ്സുകാരിയുടെ മരണത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കൊലപാതകത്തിനു പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണോയെന്നും പൊലീസ് അന്വേഷിക്കും. ബന്ധുക്കളോടും പൊലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം മൊഴി നൽകിയെങ്കിലും കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പിന്നീട് തിരുത്തി പറയുകയായിരുന്നു.

യുവതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഒപ്പം കുടുംബ പ്രശ്നങ്ങളുണ്ടെന്നും ആണ് ബന്ധുക്കൾ പറയുന്നത്.കുടുംബ പ്രശ്നങ്ങളെ തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലായിരുന്നു. നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് തിരുവാങ്കുളത്ത് നിന്ന് അമ്മയ്ക്കൊപ്പം യാത്ര ചെയ്ത മൂന്നര വയസുകാരിയെ കാണാതായതായി വിവരങ്ങൾ പുറത്തുവന്നത്. അങ്കണവാടിയിൽ നിന്ന് കൂട്ടാനായി സന്ധ്യ പോയെങ്കിലും തിരികെ എത്തുമ്പോൾ കുട്ടി കൂടെയില്ലായിരുന്നു.
ചെങ്ങമനാട് പൊലീസാണ് സന്ധ്യയെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് മൂഴിക്കുളം ഭാഗത്തെ പാലത്തിനു സമീപത്തായി കുഞ്ഞിനെ ഉപേക്ഷിച്ചതായി മനസിലായത്. പ്രതികൂല കാലാവസ്ഥയിൽ സാധാരണ ഗതിയിലെ പ്രോട്ടോക്കോളുകൾ മറികടന്നായിരുന്നു കല്യാണിക്കായി തിരച്ചിൽ നടത്തിയത്. സംഭവ സ്ഥലത്ത് സന്ധ്യയെ എത്തിച്ച് ഇവർ ചൂണ്ടിക്കാണിച്ച ഭാഗത്തായി തിരച്ചിൽ നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
thiruvankulam kalyani death mother sandhya charged murder
