കണ്ണൂർ: ( www.truevisionnews.com ) ഇടതുപക്ഷത്തിന്റെ 'വ്യാജൻ' വിളിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ.
കഴിഞ്ഞ ഒന്നരവർഷമായി തിരിഞ്ഞും ക്രൈബ്രാഞ്ച് ഉൾപ്പെടെ ഒരുപാട് പൊലീസുകാർ അന്വേഷിച്ചിട്ടും തനിക്കെതിരെ ഒരു എഫ്.ഐ.ആർ.ഇടാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. കണ്ണൂർ മലപ്പട്ടത്ത് ജനാധിപത്യ അതിജീവന യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.
'ഒന്നര വർഷമായി ഏത് വാഴയാ കേരളത്തിന്റെ ആഭ്യന്തരമന്ത്രി, ഒന്നരവർഷമായി എനിക്കെതിരെ നിന്റെയൊക്കെ ഡി.വൈ.എഫ്.ഐ നേതാക്കന്മാർ കൊടുത്ത കേസിൽ തിരിഞ്ഞും മറിഞ്ഞും എത്ര പൊലീസാ അന്വേഷിച്ചേ. ക്രൈംബ്രാഞ്ചിനെ കൊണ്ടുവന്നില്ലേ. നാണവും മാനവുമില്ലാതെ വ്യാജാ വ്യാജാ എന്ന് കരയാനല്ലാതെ ഒരു എഫ്.ഐ.ആർ എടുപ്പിക്കാൻ നിന്റെയൊക്കെ ആഭ്യന്തര വാഴക്ക് കഴിഞ്ഞിട്ടുണ്ടോ..? അതുകൊണ്ട് ഈ കരച്ചിലൊക്കെ സൗകര്യം പോലെ പിണറായിയുടെ വീട്ടിൽ പോയി തീർത്താൽ മതി'- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട രാഹുലിന്റെ കേസ് പരാമർശിച്ച് 'വ്യാജൻ' എന്ന അധിക്ഷേപവുമായി മലപ്പട്ടത്ത് ഫ്ലക്സ് വെച്ചത് പരാമർശിച്ചായിരുന്നു പ്രതികരണം. ബോർഡിൽ കെ.സുധാകരനെ പല്ലുകൊഴിഞ്ഞ സിംഹം എന്ന് അധിക്ഷേപിച്ചതിലും രാഹുൽ പ്രതികരിച്ചു.
സുധാകരന്റെ ശൗര്യമളക്കാൻ ഇറങ്ങിയ കണ്ണൂരിലെ കമ്യൂണിസ്റ്റുകാർക്കൊന്നും നല്ല നിലയുണ്ടായിട്ടില്ലെന്ന് മനസിലാക്കുന്നത് നല്ലതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറഞ്ഞു.
കണ്ണൂർ മലപ്പട്ടം അടുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെ വീണ്ടും തകർത്തു. ഇന്ന് രാത്രിയാണ് സംഭവം. സ്തൂപം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. വൈകീട്ട് മലപ്പട്ടത്ത് കോൺഗ്രസ്-സി.പി.എം സംഘർഷമുണ്ടായിരുന്നു.
അടുവാപ്പുറത്തെ ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധവുമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഇന്ന് കാൽനട ജാഥ നടത്തിയത്.
ബുധനാഴ്ച വൈകീട്ട് അടുവാപ്പുറത്തുനിന്ന് ആരംഭിച്ച ജനാധിപത്യ അതിജീവന യാത്ര സി.പി.എം മലപ്പട്ടം ലോക്കല് കമ്മിറ്റി ഓഫിസിനു മുന്നിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ കുപ്പിയും കല്ലും പരസ്പരം എറിയുകയായിരുന്നു. ഇരു കൂട്ടരും ഏറ്റുമുട്ടാനൊരുങ്ങുന്നതിനിടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി. എന്നാൽ, സമ്മേളനം അവസാനിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പോകാനൊരുങ്ങുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.
rahulmamkootathil responds fake call kannur
