തിരുവനന്തപുരം: (truevisionnews.com) കാലവർഷം ആൻഡമാൻ കടലിലെത്തിയതിന്‍റെ പ്രഭാവത്തിൽ കേരളത്തിലും മഴ ശക്തമാകുന്നു. ഇന്ന് തിരുവനന്തപുരമടക്കമുള്ള നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം ആന്‍ഡമാൻ കടലിൽ കാലവര്‍ഷം ഇക്കുറി എത്തിയത് പതിവിലും നേരത്തെയാണ്. കൃത്യമായി പറഞ്ഞാൽ 9 ദിവസം മുന്നെയാണ് കാലവർഷം ആൻഡമാനിലെത്തിയത്.
സാധാരണ ഗതിയിൽ മെയ് 22 നാണ് കാലവർഷം ആൻഡമാനിൽ എത്തേണ്ടത്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. ആൻഡമാനിൽ നിന്ന് കാലവർഷം കേരളത്തിലെത്താൻ എത്ര ദിവസം വേണ്ടിവരുമെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. സാധാരണ ഗതിയിൽ ആൻഡമാനിൽ നിന്ന് 10 ദിവസം കൊണ്ടാണ് കേരളത്തിലെത്തുക. എന്നാൽ എപ്പോഴും അങ്ങനെതന്നെയാകണമെന്നില്ലെന്നാണ് കാലാവസ്ഥ വിദഗ്ദർ പറയുന്നത്.
അതിനിടെ കേരളത്തിൽ കള്ളക്കടൽ മുന്നറിയിപ്പും പ്രവചിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് 15/05/2025 ന് രാത്രി 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് 15/05/2025 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Rains intensify yellow alert four districts including Kozhikode
