റാന്നി: ( www.truevisionnews.com ) റാന്നി താലൂക്ക് ആശുപത്രിയിൽ രോഗിയുടെ മുറിവിനുള്ളിൽ ഉറുമ്പിനെ കണ്ടെത്തിയെന്ന പരാതിയിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. റാന്നി ബ്ലോക്ക്പടി സ്വദേശി സുനിൽ എബ്രഹാമിന്റെ മുറിവിലാണ് ഉറുമ്പ് കണ്ടത്.

കഴിഞ്ഞ മാർച്ച് അവസാനമായിരുന്നു സംഭവം. രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീണു നെറ്റിയിൽ പരിക്കേറ്റാണ് സുനിൽ മാർച്ച് 31 രാത്രി ഏഴോടെ ആശുപത്രിയിലെത്തിയത്. മുറിവിൽ അഞ്ച് തുന്നലുകൾ ഇട്ട ശേഷം സി.ടി. സ്കാനെടുക്കുവാൻ റാന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചിരുന്നു.
യാത്രയ്ക്കിടെ തുന്നലിട്ട ഭാഗത്ത് അസഹനീയ വേദന അനുഭവപ്പെട്ടു. തുടർന്ന് സ്കാനിങ്ങിൽ ഉറുമ്പുകളെ കണ്ടെത്തി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തുന്നൽ ഇളക്കി ഉറുമ്പുകളെ നീക്കിയ ശേഷം വീണ്ടും മുറിവ് തുന്നിക്കെട്ടുകയായിരുന്നു. റാന്നി താലൂക്ക് ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചതോടെ വിഷയം വിവാദമായി.
ഇതേതുടർന്ന് ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് വിഷയത്തിൽ ഇടപെട്ട് റാന്നി താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്.
Unbearable pain stitched wound ants scan Health Department seeks report
