ദില്ലി: ( www.truevisionnews.com) പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ഓപ്പറേഷൻ സിന്ദൂർ റിപ്പോര്‍ട്ട് ചെയ്തതിൽ തെറ്റായ വിവരങ്ങൾ നല്‍കിയ ചൈനീസ് മാധ്യമ സ്ഥാപനമായ ഗ്ലോബൽ ടൈംസിനെ വിമര്‍ശിച്ച് ഇന്ത്യ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാനും ഉറവിടങ്ങളെ ക്രോസ് ചെക്ക് ചെയ്യാനും പോർട്ടലിനോട് ഇന്ത്യ ആവശ്യപ്പെട്ടു.

'പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ഇന്ത്യ നടത്തിയ രാത്രികാല വ്യോമാക്രമണങ്ങൾക്ക് മറുപടിയായി പാകിസ്ഥാൻ എയർഫോഴ്‌സ് (പിഎഎഫ്) മറ്റൊരു ഇന്ത്യൻ പോർവിമാനം വെടിവെച്ചിട്ടു' എന്നാണ് പാകിസ്ഥാൻ സൈന്യത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്.
'രാത്രികാല ആക്രമണങ്ങൾക്ക് മറുപടിയായി വെടിവെച്ചിട്ട മൂന്നാമത്തെ ഇന്ത്യൻ പോർവിമാനമാണിത് എന്നും ഗ്ലോബൽ ടൈംസ് റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു. ഇതിന് ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നാണ് മറുപടി നൽകിയിട്ടുള്ളത്. 'ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാനും ഉറവിടങ്ങളെ ക്രോസ് ചെക്ക് ചെയ്യാനും ഞങ്ങൾ നിങ്ങളെ ഉപദേശിക്കുന്നു' എന്നാണ് ഇന്ത്യൻ എംബസി കുറിച്ചത്.
പിഐബി ഫാക്ട് ചെക്ക് വിഭാഗം തകർന്ന വിമാനങ്ങളുടെ പഴയ ചിത്രങ്ങൾ വിവിധ രൂപങ്ങളിൽ വീണ്ടും പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ പുറത്ത് വിട്ടിരുന്നു. 2024 സെപ്റ്റംബറിൽ രാജസ്ഥാനിൽ തകർന്ന ഒരു ഇന്ത്യൻ എയർഫോഴ്‌സ് (IAF) മിഗ്-29 പോർവിമാനവുമായി ബന്ധപ്പെട്ട പഴയ സംഭവത്തിൽ നിന്നുള്ളതാണ് പ്രചരിച്ച ചിത്രങ്ങളില്‍ ഒന്ന്. 2021ൽ പഞ്ചാബിൽ നിന്നുള്ള ഒരു ഐഎഎഫ് മിഗ്-21 പോർവിമാനത്തിൽ നിന്നുള്ളതാണ് മറ്റൊന്ന്. ഇക്കാര്യവും പോസ്റ്റിൽ ഇന്ത്യൻ എംബസി ചേർത്തിട്ടുണ്ട്.
India gives strong response China's GlobalTimes fake news operation sindoor
