തിരുവന്തപുരം: (truevisionnews.com) ഹിറ്റ് ഹാർഡ്, ഹിറ്റ് സ്മാർട്ടിന്റെ ആവശ്യമുണ്ടായിരുന്നെന്ന് ശശി തരൂർ എംപി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകിയ ഇന്ത്യയുടെ നടപടിയിൽ പ്രതികരിക്കുയായിരുന്നു എംപി. ഇന്ത്യ ആക്രമിച്ചത് പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രമാണെന്നും ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ അഭിമാനിക്കുന്നുവെന്നും തരൂർ പറഞ്ഞു.

ജനങ്ങളെയോ സ്ഥാപനങ്ങളെയോ ഇന്ത്യ ആക്രമിച്ചില്ല. ദീർഘയുദ്ധം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. തിരിച്ചടി കഴിഞ്ഞെന്നും ഇനി സമാധാനമാണ് ആവശ്യമെന്നും തരൂർ കൂട്ടിച്ചേർത്തു. ദേശീയ ഐക്യമാണ് ഇക്കാര്യത്തിൽ അനിവാര്യമെന്ന് പറഞ്ഞ തരൂർ സ്ത്രീകൾ സേനയ്ക്കു വേണ്ടി കാര്യങ്ങൾ വിശദീകരിച്ചതിനെ പ്രശംസിക്കുകയും ചെയ്തു.
കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരാണ് സേനക്കു വേണ്ടി ഓപറേഷനെക്കുറിച്ചുള്ള വിശദീകരണം നൽകിയത്. മൂന്ന് സേനകളും സംയുക്തമായാണ് 'ഓപറേഷൻ സിന്ദൂറിനുള്ള' നീക്കങ്ങൾ നടത്തിയത്. 1.51ന് നീതി നടപ്പിക്കിയെന്ന സൈന്യത്തിൻറെ ട്വീറ്റോടെയാണ് തിരിച്ചടിയുണ്ടായത് പുറത്തറിയുന്നത്. ബഹാവൽപൂർ, മുസാഫറബാദ്, കോട്ലി, മുരിദ്‌കെ തുടങ്ങി 13 കേന്ദ്രങ്ങളിലാണ് ഇന്ത്യയുടെ ആക്രമണമുണ്ടായത്.
അതേസമയം പെഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെ രാജ്യം കനത്ത സുരക്ഷയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദർശനം മാറ്റിവെച്ചു. മെയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്സ് സന്ദർശനമാണ് മാറ്റിവെച്ചത്.
നേരത്തെ മെയ് 9 ന് നടക്കുന്ന റഷ്യൻ വിക്ടറി പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ വ്യാദിമിർ പുടിൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ പെഹൽഗാം ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ ഈ സന്ദർശനം പ്രധാനമന്ത്രി മാറ്റിവെക്കുകയായിരുന്നു. പാകിസ്ഥാൻ ഭീകരരുടെ താവളങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് അടക്കം അതി പ്രധാന സാഹചര്യത്തിലാണ് രണ്ടാമതും വിദേശ സന്ദർശനം മാറ്റിവെക്കുന്നത്.
ഇന്ത്യൻ സൈന്യത്തിന്റെ 'ഓപ്പറേഷൻ സിന്ദൂർ' സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവരങ്ങളും തുടർ നടപടികളും അതിർത്തിയിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
India does not want continue protracted war shashitharoor
