‘തിരിച്ചടി ഭീകരതക്കെതിരെ, പാകിസ്താനുമായി ഭീകരർക്ക് നിരന്തര ബന്ധം’; ഓപറേഷൻ സിന്ദൂർ വിശദീകരിച്ച് സൈന്യം

‘തിരിച്ചടി ഭീകരതക്കെതിരെ, പാകിസ്താനുമായി ഭീകരർക്ക് നിരന്തര ബന്ധം’; ഓപറേഷൻ സിന്ദൂർ വിശദീകരിച്ച് സൈന്യം
May 7, 2025 11:43 AM | By VIPIN P V

ന്യൂഡൽഹി: ( www.truevisionnews.com ) ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെയാണെന്നും പാകിസ്താനുമായി ഭീകരർക്ക് നിരന്തര ബന്ധമാണുള്ളതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. കേണൽ സോഫിയ ഖുറേഷി, വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് വാർത്താസമ്മേളനം ആരംഭിച്ചത്. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും ചേർന്ന് സൈനിക നടപടികൾ വിശദീകരിച്ചു.

“മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെടെ പാകിസ്താന്റെ പങ്ക് വ്യക്തമാണ്. കശ്മീരിൽ ദീർഘകാലമായി സമാധാനം ഇല്ലാതാക്കുന്നതിലും പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് വലിയ പങ്കാണുള്ളത്. പഹൽഗാമിൽ കഴിഞ്ഞ മാസം നടന്നത് ഹീനമായ ആക്രമണമാണ്.

കുടുംബത്തിന് മുന്നിൽവച്ച് തലയിൽ വെടിയേറ്റാണ് അന്ന് 26 പേർ കൊല്ലപ്പെട്ടത്. ഉത്തരവാദിത്തമേറ്റെടുത്ത ടി.ആർ.എഫ് ലശ്കറെ തയ്യിബയുമായി ബന്ധമുള്ള സംഘടനയാണ്. ടി.ആർ.എഫ് പോലുള്ള സംഘടനകളെ ജയ്ശെ മുഹമ്മദ് പിന്തുണക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ആക്രമണം ആസൂത്രണം ചെയ്തവരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പാകിസ്താൻ ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഭീകരർക്ക് പാകിസ്താനുമായി നിരന്തര ബന്ധമാണുള്ളത്. ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്താൻ മാറിയിരിക്കുന്നു. ഭീകരതക്കെതിരെ അവർ മിണ്ടാൻ തയാറല്ല.

ഭീകരതയെ ചെറുക്കുകയെന്നത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ഭീകര കേന്ദ്രങ്ങളാണ് ബുധനാഴ്ച പുലർച്ചെ ഇന്ത്യ ആക്രമിച്ചത്. പാകിസ്താനെതിരെയല്ല, ഭീകരതക്കെതിരെയാണ് തിരിച്ചടി” -വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്താൻ ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിന് പിന്തുണ നൽകുന്നുണ്ടെന്ന് സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും പറഞ്ഞു പഹൽഗാം ആക്രമണത്തിന് മറുപടിയായി ഓപറേഷൻ സിന്ദൂറിലൂടെ ഒമ്പത് ഇടങ്ങളിലാണ് ആക്രമണം നടത്തിയത്.

വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തിരിച്ചടിക്കുള്ള പദ്ധതി തയാറാക്കിയത്. ഭീകരകേന്ദ്രങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമാണ് ആക്രമണം നടത്തിയതെന്നും ഏതൊക്കെ ഇടങ്ങൾ എന്തുകൊണ്ട് തെരഞ്ഞെടുത്തുവെന്നും സേനാ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഭീകര കേന്ദ്രങ്ങൾക്കുനേരെ സേന 24 മിസൈലുകളാണ് പ്രയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഓപറേഷൻ സിന്ദൂറിൽ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് സംയുക്ത സേനാനീക്കത്തിലൂടെ തകർത്തത്.

operation sindoor targets selected break backbone terror says armed force

Next TV

Related Stories
Top Stories