തിരുവനന്തപുരം: (truevisionnews.com) അഞ്ചുതെങ്ങ് മത്സ്യ വ്യാപാര കേന്ദ്രത്തിൽ 385 കിലോ പഴകിയ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ടൈയ്നർ ലോറികളിൽ പഴകിയ മത്സ്യം എത്തുന്നുണ്ടെന്ന് നാട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു.

തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പരിശോധന നടത്തിയത്. പത്ത് കിലോ നത്തോലിയും 350 കിലോ വരുന്ന വിവിധ തരം ചൂര മീനുകളുമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. പിടികൂടിയ മീനുകള്‍ എല്ലാം നശിപ്പിച്ചു.
വർക്കല, ആറ്റിങ്ങൽ, സർക്കിളിലുള്ള ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. മുമ്പും പലതവണ ഇവിടെ പരിശോധന നടത്തി മത്സ്യം നശിപ്പിച്ച് കളഞ്ഞിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മത്സ്യം എത്തിക്കുന്നത് തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
385 kg stale fish seized Anchuthengu fish trading center.
