ലഖ്നോ: (truevisionnews.com) തണ്ണിമത്തൻ കഴിച്ച് പണം കൊടുക്കാതെ പോയ പൊലീസുകാർക്ക് സസ്പെൻഷൻ. കച്ചവടക്കാരനോട് മോശമായി പെരുമാറിയതിന് കേസും ഫയൽ ചെയ്തു. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലാണ് സംഭവം. പിഹാനി പൊലീസ് സ്റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾമാർക്കെതിരെയാണ് കേസ്.

വഴിയോര കച്ചവടക്കാരന്റെ പരാതിയിൽ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ ജാദൗൺ ഉത്തരവിട്ട അന്വേഷണത്തെ തുടർന്നാണ് നടപടി.പിഹാനിയിലെ താമസക്കാരനായ ലഖ്പത് എന്ന വഴിയോര കച്ചവടക്കാരൻ ഉന്തുവണ്ടിയിൽ തണ്ണിമത്തൻ വിറ്റാണ് ഉപജീവനം നടത്തുന്നത്. വെള്ളിയാഴ്ച കോൺസ്റ്റബിൾമാരായ അങ്കിത് കുമാറും അനുജ് കുമാറും തന്നിൽ നിന്ന് 20 രൂപ വിലയുള്ള തണ്ണിമത്തൻ കഴിച്ചുവെന്നും എന്നാൽ പണം ആവശ്യപ്പെട്ടപ്പോൾ അവർ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
ലഖ്പത് പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയെത്തുടർന്ന് സർക്കിൾ ഓഫീസർ ഹരിയവാന്റെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 'കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ രണ്ട് കോൺസ്റ്റബിൾമാരെയും ഉടൻ തന്നെ സസ്പെൻഡ് ചെയ്യുകയും ലഖ്പതിന്റെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പിഹാനി പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആറും ഫയൽ ചെയ്തിട്ടുണ്ട്.' എസ്.പി ജാദൗൺ പറഞ്ഞു.
താൻ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുകയും സംഭവത്തിന്റെ നേരിട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പരാതിക്കാരനുമായി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂനിഫോം ധരിച്ച ഉദ്യോഗസ്ഥർ നിയമം പാലിക്കുകയും ഉത്തരവാദിത്തത്തോടെ തുടരുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അവരിൽ നിന്ന് ഇത്തരത്തിലുള്ള മോശം പെരുമാറ്റം അനുവദിക്കില്ല. പൊതുജനങ്ങളോട് മോശമായി പെരുമാറിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഏതൊരു ഉദ്യോഗസ്ഥനെതിരെയും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.
Police officers suspended eating watermelon not paying .
