ലക്നൗ: ( www.truevisionnews.com ) പല സംസ്ഥാനങ്ങളിൽ പല പേരുകളോടെ പന്ത്രണ്ടിലധികം തവണ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ യുവതി ഒടുവിൽ പിടിയിലായി. ഉത്തർപ്രദേശ് ജൗൻപൂർ സ്വദേശിയായ ഗുൽഷാന റിയാസ് ഖാൻ (21) ആണ് പൊലീസിന്റെ പിടിയിലായത്.

യഥാർത്ഥ പേര് ഗുൽഷാനയെന്നാണെങ്കിശും കാജൽ, സീമ, നേഹ, സ്വീറ്റി എന്നിങ്ങനെ വിവിധ പേരുകളിലാണ് പല സ്ഥാനങ്ങളിലായി നടത്തിയ വിവാഹങ്ങളിൽ ഇവർ അറിയപ്പെട്ടിരുന്നത്. എല്ലാ വിവാഹ വേദികളിലും ഒരേ നാടകം തന്നെയാണ് അരങ്ങേറിയതും. വിവാഹം കഴിഞ്ഞയുടനെയോ അല്ലെങ്കിൽ അൽപം കഴിഞ്ഞോ നാലഞ്ച് പുരുഷന്മാരടങ്ങുന്ന സംഘം വധുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്.
വരനും വീട്ടുകാരും എത്ര തെരഞ്ഞാലും ആളെ കിട്ടില്ല. ആഭരണങ്ങളായും പണമായും ഒക്കെ കിട്ടുന്നത് സംഘാംഗങ്ങൾ വീതിച്ചെടുക്കും. കുറച്ച് ദിവസം കഴിഞ്ഞാൽ അടുത്ത ഒരു പേരിൽ മാട്രോമോണിയൽ വെബ്സൈറ്റുകളിൽ വീണ്ടും രംഗത്തെത്തുകയും ചെയ്യും. നേരത്തെ വിവാഹിതയായ ഗുൽഷാന, തയ്യൽ ജോലിക്കാരനായ ഭർത്താവിനൊപ്പമാണ് ജീവിച്ചിരുന്നത്. വിവാഹം ശരിയാവാത്ത പുരുഷന്മാരുടെ ബന്ധുക്കളെയാണ് ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബഷ്കാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വിവാഹ വേദിയിൽ നിന്ന് സമാനമായ രീതിയിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് യുവതിയും സംഘത്തിലെ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് അംഗങ്ങളും പിടിയിലായത്. ഇവരിൽ നിന്ന് 72,000 രൂപയും ഒരു ബൈക്കും ഒരു സ്വർണ താലിയും 11 മൊബൈൽ ഫോണുകളും വ്യാജ ആധാർ കാർഡുകളും പൊലീസ് കണ്ടെടുത്തു.
മോഹൻലാൽ (44), രതൻ കുമാർ (32), രഞ്ജൻ (22), രാഹുൽ രാജ് (30), സുനിത (36), പൂനം (33), മഞ്ജു മാലി (29), രുക്ഷർ (21) എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം വധുവിന്റെ ബന്ധുക്കളായി അഭിനയിച്ച് എത്തിയവരായിരുന്നു. വിവാഹ ദിവസം ചടങ്ങുകൾ കഴിഞ്ഞപ്പോൾ സംഘത്തിലെ പുരുഷന്മാർ വധുവിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി.
എന്നാൽ ഈ സമയം വരൻ പൊലീസിനെ വിളിച്ച് സഹായം തേടുകയായിരുന്നു. പൊലീസിന് സംഘത്തിലെ ഒരാളെ പിടികൂടാനായി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ ഏല്ലാവരും അറസ്റ്റിലായി. വഞ്ചന, ക്രിമിനൽ ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Woman who cheated by marrying more than twelve times finally caught
