തിരുവനന്തപുരം: (truevisionnews.com) കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.
വ്യാഴാഴ്ച വൈകീട്ട് 7.50-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നേരേ രാജ്ഭവനിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ 9.30-ന് രാജ്ഭവനിൽനിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തുമെത്തും.
10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററിൽ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.
'ഇവിടെ കല്ലിട്ടു എന്നതുകൊണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല, വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ട'- പിണറായി വിജയന്‍
തിരുവനന്തപുരം: (truevisionnews.com) വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റില്‍ തര്‍ക്കം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം നാടിനാകെയുളള ക്രെഡിറ്റാണെന്നും ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്തുവെന്ന ചാരിതാര്‍ത്ഥ്യം തങ്ങള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതി 2016 മുതലുളള സര്‍ക്കാരിന്റെയോ അതിനു മുന്‍പ് 2011-മുതല്‍ 2016 വരെയുളള സര്‍ക്കാരിന്റെയോ കണ്ടെത്തലല്ലെന്നും അത് പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കരണമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിക്ക് ഉചിതമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തത് ക്രെഡിറ്റിനുവേണ്ടിയല്ലെന്നും അത് നാട് മുന്നോട്ടുപോകുന്നതിനായാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇവിടെ കല്ലിട്ടു എന്നതുകൊണ്ട് കാര്യങ്ങള്‍ പൂര്‍ത്തിയാകില്ല. ഇപ്പോ കപ്പലോടുന്ന അവസ്ഥയിലേക്കെത്തിയല്ലോ. ആ സാക്ഷാത്കരണത്തില്‍ കഴിഞ്ഞ 9 വര്‍ഷം ഏറ്റവും നിര്‍ണായകമായിരുന്നു. അതാണ് പ്രധാനം. ആ 9 വര്‍ഷത്തില്‍ 2016-ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും ഇപ്പോഴുളള സര്‍ക്കാരും ഉചിതമായ കാര്യങ്ങള്‍ ചെയ്തു.
അത് ക്രെഡിറ്റ് നേടുന്നതിനു വേണ്ടിയല്ല. നമ്മുടെ നാട് മുന്നോട്ടുപോകുന്നതിനു വേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നല്ലോ. ആ തര്‍ക്കവിഷയങ്ങള്‍ക്കല്ല പിന്നീട് പ്രാധാന്യം കല്‍പ്പിച്ചത്. കാരണം നാടിന്റെ വികസനത്തിന് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത് എന്നതുകൊണ്ട് അതുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
നമ്മുടെ നാടിന്റെ മുന്നേറ്റത്തിന് സഹായിക്കുന്ന എല്ലാ പദ്ധതികളെയും പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളാണ് വിഴിഞ്ഞത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ക്രെഡിറ്റ് സ്വാഭാവികമായും ജനങ്ങള്‍ അര്‍ഹിക്കുന്നവര്‍ക്ക് നല്‍കും. നമ്മള്‍ അതില്‍ തര്‍ക്കിച്ച് സമയം കളയേണ്ടതില്ല'- മുഖ്യമന്ത്രി പറഞ്ഞു.
'ചടങ്ങിൽ എത്തുമല്ലോ....? വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് കത്ത്
തിരുവനന്തപുരം: ( www.truevisionnews.com ) വിവാദങ്ങൾക്ക് പിന്നാലെ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ക്ഷണം. തുറമുഖ മന്ത്രിയുടെ കത്ത് അൽപ്പസമയം മുന്‍പാണ് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിൽ എത്തിച്ചത്. ഇന്നലത്തെ തീയതിയിലാണ് കത്തുള്ളത്.
പ്രതിപക്ഷ നേതാവിനെ ഇന്ന് ക്ഷണിച്ചെന്ന് മന്ത്രി വി.എൻ.വാസവനും സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ അടക്കം പേര് ഉൾപ്പെടുത്തിയാണ് കേന്ദ്രത്തിനു കത്ത് നൽകിയതെന്നും വേദിയിൽ ആരൊക്കെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് വി.ഡി സതീശന് ക്ഷണിക്കാത്തതില്‍ വലിയ വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ വാര്‍ഷികം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാലാണ് വിളിക്കാത്തതെന്നായിരുന്നു സംസ്ഥാന സർക്കാറിന്‍റെ വാദം.
വിഴിഞ്ഞം ട്രയല്‍ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ അന്ന് സര്‍ക്കാര്‍ ന്യായീകരിച്ചത് വലിയ ആഘോഷം വരികയല്ലേ എന്നായിരുന്നു. വിഴിഞ്ഞം ഉദ്ഘാടനം സര്‍ക്കാരിന്‍റെ വാര്‍ഷിക പരിപാടിയാണോയെന്നാണ് കോൺഗ്രസിന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദര്‍ശനവും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നതും സര്‍ക്കാരിനെ യുഡിഎഫ് ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം വിഴിഞ്ഞത്ത് ഒരുക്കം വിലയിരുത്താന്‍ കുടുംബവുമായി എത്തിയ മുഖ്യമന്ത്രിയുടെ നടപടിയേയും യുഡിഎഫ് തള്ളി. പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ത്ത കാലത്ത് അവരെ ശിലാസ്ഥാപന ചടങ്ങിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ ക്ഷണിച്ചതും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു.
ബിജെപിയെ ക്ഷണിച്ചിട്ടും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് അന്തർധാരയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിവാദങ്ങള്‍ക്കൊടുവിലാണ് തുറമുഖ മന്ത്രി പ്രതിപക്ഷ നേതാവിന് ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്.
Vizhinjam International Port dedicated kerala tomorrow
