ദില്ലി: ( www.truevisionnews.com ) പഹൽഗാം ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി എന്‍ഐഎ കസ്റ്റഡിയിലെടുത്ത സിപ് ലൈൻ ഓപ്പറേറ്ററായ മുസമ്മലിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് കുടുംബം. ടൂറിസ്റ്റുകളെ സിപ് ലൈനിൽ കടത്തിവിടുന്നതിന് മുമ്പ് ഇങ്ങനെ പറയാറുണ്ടെന്നും അതിൽ അസ്വഭാവികതയൊന്നുമില്ലെന്നും മുസമ്മലിന്‍റെ പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞു.

ഭീകര്‍ മറുഭാഗത്ത് വെടിവെപ്പ് നടത്തുന്നതിനിടെ സിപ് ലൈനിൽ ടൂറിസ്റ്റിനെ കയറ്റിവിടുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തീവ്രവാദികള്‍ക്ക് സഹായം കിട്ടിയിട്ടുണ്ടോയെന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് മുസമ്മലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
സിപ് ലൈനിൽ ആളുകളെ കയറ്റുമ്പോള്‍ മകൻ പ്രാര്‍ത്ഥിച്ചത് സാധാരണ തങ്ങള്‍ ചെയ്യാറുള്ള കാര്യമാണെന്നും അപകടം ഉണ്ടാകാതിരിക്കാനാണ് പ്രാര്‍ത്ഥിച്ചതെന്നും ഭീകരാക്രമണം കണ്ട് ഭയന്ന് വീട്ടിലെത്തിയ മകൻ കരയുകയായിരുന്നുവെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അവൻ അധികം ഞങ്ങളോട് സംസാരിച്ചിട്ടില്ല. മുസമ്മിൽ നിലവിൽ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലണെന്നാണ് അറിയുന്നത്. എന്തിനാണ് അവനെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ല. എന്ത് കൊടുങ്കാറ്റുണ്ടായാലും ഞങ്ങള്‍ സാധാരണ പറയുന്ന പ്രാര്‍ത്ഥനയാണത്. അതിൽ തെറ്റില്ല.
സിപ് ലൈനിൽ ആളെ കയറ്റിയശേഷം അവര്‍ സുരക്ഷിതമായി പോകുന്നതിനായാണ് അള്ളാഹു അക്ബര്‍ എന്ന് പ്രാര്‍ത്ഥിച്ചത്. അപകടം വരുത്തരുതെയെന്ന പ്രാര്‍ത്ഥനയാണതെന്നും പിതാവ് പറഞ്ഞു.
ഇതിനിടെ, സിപ്പ് ലൈൻ ഓപ്പറേറ്ററെ പിന്തുണച്ച് നാഷണൽ കോൺഫറൻസ് രംഗത്തെത്തി. ഒരാപത്ത് വരുമ്പോൾ പ്രാർത്ഥന ചൊല്ലുന്നതിൽ എന്താണ് തെറ്റെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഇമ്രാൻ നബി ചോദിച്ചു. സിപ് ലൈൻ ഓപ്പറേറ്റർ മുസ്ലിമായതുകൊണ്ട് അള്ളാഹുവിനെ വിളിച്ചു.
പാവപ്പെട്ടവനെ രാജ്യദ്രോഹിയാക്കരുതെന്നും അന്വേഷണ സംഘം അയാളെ വിട്ടയക്കണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ആവശ്യപ്പെട്ടു.അതേസമയം, സിപ് ലൈൻ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ കൂടുതൽ പ്രാദേശിക സഹായം ഭീകരർക്ക് കിട്ടിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
pahalgam attack zipline operator father response son has nn connection with terrorism
