(truevisionnews.com) എന്നും രാവിലെ അലാറം ക്ലോക്ക് മുഴങ്ങിയിട്ട് ഉറക്കത്തിൽ നിന്നും ഉണരുന്നവരാണ് നമ്മളിൽ പലരും .അലാറം ഒരു ദിവസം അടിഞ്ഞില്ലെങ്കിൽ ആ ഉറക്കം നീണ്ടു പോകാനും സാധ്യത ഉണ്ട് . ഗാഢനിദ്രയ്ക്കിടെ അലാറം ശബ്ദം കേൾക്കുന്നത് അസ്വസ്ഥപ്പെടുത്തുമെന്നതിൽ സംശയമൊന്നുമില്ല.

എന്നാൽ വെറും അസ്വസ്ഥത മാത്രമല്ല ഇത്തരത്തിൽ അലാം കേൾക്കുമ്പോൾ പെട്ടെന്ന് ഞെട്ടിയേഴുന്നേൽക്കുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ. സുധീർ കുമാർ.
അലാറം ശബ്ദത്തിൽ പെട്ടെന്ന് ഉണരുന്നത് രക്തസമ്മർദത്തിന്റെ തോത് വർധിപ്പിക്കുമെന്ന് ഡോ.സുധീർ കുമാർ പറയുന്നു. സ്വാഭാവികമായി ഉറക്കത്തിൽ നിന്ന് ഉണരുന്നവരെ അപേക്ഷിച്ച് അലാറം ശബ്ദംകേട്ട് ഉണരുന്നവരിൽ രക്തസമ്മർദ നിരക്ക് 74ശതമാനം വരെ ഉയരുമെന്നാണ് പഠനങ്ങൾ സൂചിപ്പിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഴുമണിക്കൂറിൽ കുറവ് ഉറങ്ങുന്നവരിൽ അപകട സാധ്യത അൽപം കൂടി വർധിക്കുമെന്നും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.
നേരത്തേ തന്നെ ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ മുതലായവ ഉള്ളവരാണെങ്കിൽ അതീവ ജാഗ്രത വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേൽക്കുന്നവരിൽ രണ്ടുമണിക്കൂർ നേരത്തേക്ക് അതീവക്ഷീണവും സമ്മർദവും തോന്നുന്നതും കണ്ടുവരാറുണ്ടെന്നും സുധീർ കുമാർ പറയുന്നു.
അലാം ശബ്ദത്തിൽ നിന്നുണരുന്ന ശീലത്തിന് പകരം സ്വീകരിക്കാവുന്ന മാർഗങ്ങളേക്കുറിച്ചും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. അതിലാദ്യത്തേത് രാത്രിയിൽ ഏഴെട്ടു മണിക്കൂർ ഉറക്കം കിട്ടണമെന്നതാണ്. അത്തരത്തിൽ ഉറക്കം ലഭിക്കുന്നവർക്ക് സ്വാഭാവികമായി എഴുന്നേൽക്കാനാവും.
രാവിലെകളിൽ സ്വാഭാവിക വെളിച്ചം കിട്ടുന്ന രീതിയിൽ കിടക്കുന്നതും ഗുണംചെയ്യും. ഇത് ശരീരത്തിലെ മെലാടോണിന്റെ ഉത്പാദനത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും അതുവഴി സ്വാഭാവികമായി എഴുന്നേൽക്കാൻ കഴിയുകയും ചെയ്യും. ഇനി അലാറം വെച്ചേ തീരൂ എന്ന നിർബന്ധമുള്ളവരാണെങ്കിൽ ഉച്ചത്തിൽ ബഹളങ്ങളില്ലാത്ത തരം ശാന്തമായ സംഗീതം വെക്കുന്നതാവും ഉത്തമമെന്നാണ് അദ്ദേഹം പറയുന്നത്.
അലാറം ക്ലോക്കിൽ നിന്നുൾപ്പെടെയുള്ള ശബ്ദം കേട്ട് ഞെട്ടിയുണരുന്ന ശീലം രക്തസമ്മർദ നിരക്ക് വർധിപ്പിക്കുമെന്നും ഹൃദ്രോഗസാധ്യത കൂട്ടുമെന്നും അടുത്തിടെ വിർജീനിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. രണ്ടുദിവസം നടത്തിയ പരീക്ഷണത്തിൽ ആദ്യദിനം സ്വാഭാവികമായി എഴുന്നേൽക്കാനും അടുത്തദിവസം അഞ്ചുമണിക്കൂർ മാത്രമുറങ്ങി അലാറം ശബ്ദം കേട്ട് എഴുന്നേൽക്കാനും പറയുകയാണ് ചെയ്തത്.
ശേഷം നടത്തിയ നിരീക്ഷണത്തിലാണ് സ്വാഭാവികമായി എഴുന്നേറ്റവരെ അപേക്ഷിച്ച് അലാറം ക്ലോക്കിന്റെ ശബ്ദത്തിൽ എഴുന്നേറ്റവരിൽ രക്തസമ്മർദത്തിന്റെ തോത് 74 ശതമാനം വർധിച്ചതായി കണ്ടെത്തിയത്.
What happens wake up sound alarm clock
