മുംബൈ: ( www.truevisionnews.com ) മുസ്ലിം കച്ചവടക്കാരെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതിന് മുംബൈയിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്. ദാദർ മാർക്കറ്റ് ഏരിയയിലാണ് സംഭവം. സൗരഭ് മിശ്ര എന്ന കച്ചവടക്കാരൻ ശിവാജി പാർക്ക് പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി.

മാഹിം അസംബ്ലി ബി.ജെ.പി പ്രസിഡന്‍റ് അക്ഷത തെണ്ടുൽക്കർ ഉൾപ്പെടെ ഒമ്പതു പേർക്കെതിരെയാണ് കേസടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ദാദറിലെ ഏറെ തിരക്കുള്ള രംഗോലി സ്റ്റോറിനു സമീപത്തെത്തിയ ബി.ജെ.പി പ്രവർത്തകർ കച്ചവടക്കാരോട് മുസ്ലിംകളാണോ എന്ന് ചോദിച്ചാണ് അധിക്ഷേപിച്ചതെന്ന് പരാതിയിൽ പറയുന്നു.
തന്‍റെ കടയിലെ മുംസ്ലിം ജീവനക്കാരനെ സംഘം മർദിച്ചതായും സൗരഭ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ‘അവർ എന്‍റെ ജോലിക്കാരനായ സോഫിയാൻ ഷാഹിദ് അലിയോട് പേര് ചോദിച്ചു. തുടർന്ന് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.
അലി സ്ഥലത്തുനിന്ന് ഓടിപ്പോയപ്പോൾ, സംഘം അവനെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു’ -സൗരഭ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ബി.ജെ.പി സംഘം കച്ചവടക്കാരെ അധിക്ഷേപിക്കുന്നതിന്‍റെയും കൈയേറ്റം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവാദമായതോടെ അക്ഷത സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തി. പ്രത്യേക മതക്കാരെ ലക്ഷ്യമിട്ടായിരുന്നില്ല തങ്ങളുടെ നടപടിയെന്നും മാർക്കറ്റിൽ അനധികൃതമായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് കുടിയേറ്റക്കാരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും അവർ പ്രതികരിച്ചു.
പ്രദേശത്ത് പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന നിരവധി കുടിയേറ്റക്കാർ ഉണ്ട്, പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല. വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
nie bjp workers booked allegedly assaulting muslim hawkers dadar market
