Apr 27, 2025 08:05 AM

ദില്ലി:(truevisionnews.com) പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 14 ഭീകരരുടെ പട്ടിക തയാറാക്കി ഇന്റലിജൻസ് ബ്യൂറോ വിഭാ​ഗം. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും, നിലവിൽ സംസ്ഥാനത്തിന് അകത്തുള്ളവരും ആയ ഭീകരരുടെ പട്ടികയാണ് തയാറാക്കിയത്.

ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് പട്ടികയിലുള്ളത്. ഇവരുമായി ബന്ധപ്പെട്ടവരെ അടക്കം സംസ്ഥാന വ്യാപകമായി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്.

പട്ടികയിൽ ഉൾപ്പെടുന്ന ചിലരുടെ വീടുകൾ ഇതിനോടകം തകർത്തു. അനന്ത് നാഗിനും പുൽവാമയ്ക്കും പിന്നാലെ ശ്രീനഗറിൽ വ്യാപക തെരച്ചിൽ നടന്നു വരികയാണ്. ഭീകരർക്ക് സഹായം നൽകുന്ന 60 ലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആദിൽ റഹ്മാൻ ദന്തൂ (21), ആസിഫ് അഹമ്മദ് ഷെയ്ഖ് (28), അഹ്സാൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നാസി‌‌ർ (20), ആമി‌ർ നാസിർ വാണി (20), യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖാണ്ഡെ (24), നസീർ അഹമ്മദ് വാണി (21), ഷാഹിദ് അഹമ്മദ് കുട്ടെ (27), ആമി‌ർ അഹമ്മദ് ദാർ, അദ്നാൻ സാഫി ദാർ അഹമ്മദ് വാണി (39), ഹരൂൺ റാഷിദ് ഖാനായി (32), സാക്കി‌ർ അഹമ്മദ് ഖാനായി (29) എന്നിവരാണ് ഭീകരരുടെ പട്ടികയിലുള്ളത്.

ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.

ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിര്‍ദേശം നൽകി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്.

പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.



Pahalgam terror attack IB

Next TV

Top Stories