( www.truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരർ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുൻപാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി.

ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകര ആക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാൻറെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡർമാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തിൽ എത്തിയത്.
ഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈകൊണ്ട നടപടികൾക്കെതിരെ പാകിസ്ഥാനും തിരിച്ചടി പ്രഖ്യാപിച്ചു. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിർത്തി അടയ്ക്കും, ഇന്ത്യൻ പൗരന്മാർക്കുള്ള വിസ മരവിപ്പിച്ചു, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തലാക്കിയെന്നും പാക്കിസ്ഥാൻ അറിയിച്ചു.
പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ നീക്കം പ്രഖ്യാപിച്ചത്. ഇന്ത്യ, സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് പാകിസ്ഥാനും നടപടികൾ പ്രഖ്യാപിച്ചത്.
#2terrorists #pakistan #pahalgamattackers
