ന്യൂഡൽഹി: (truevisionnews.com) പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീരിലെ കഠ് വയിൽ ബി.ജെ.പി പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് മർദ്ദനമേറ്റതായി പരാതി. ദൈനിക് ജാഗരൺ റിപ്പോർട്ടർ രാകേഷ് ശർമക്കാണ് മർദ്ദനമേറ്റത്.

കശ്മീരിൽ സുരക്ഷ ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്രസർക്കാറിന്റെ ഭാഗത്തുണ്ടായ പാളിച്ചകളും ആക്രമണത്തിന് കാരണമായില്ലേ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചതാണ് എം.എൽ.എമാരടക്കം ബി.ജെ.പി പ്രവർത്തകരെ ചൊടിപ്പിച്ചത്.മാധ്യമപ്രവർത്തകർ വിഘടനവാദികളുടെ ഭാഷയിൽ സംസാരിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് ഹിമാൻഷു ശർമ രംഗത്തെത്തുകയായിരുന്നു.
ബി.ജെ.പിയുടെ ജമ്മു-കശ്മീർ നിയമസഭാംഗങ്ങളായ ദേവീന്ദർ മന്യാൽ, രാജീവ് ജസ്രോതിയ, ഭരത് ഭൂഷൺ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രോഷപ്രകടനം. ഇതിനിടെ, അതിർത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ കേന്ദ്രസർക്കാറിന്റെ പരാജയമല്ലേ ഭീകരാക്രമണം വെളിവാക്കുന്നതെന്ന് ബി.ജെ.പി എം.എൽ.എയായ ദേവീന്ദർ മന്യാലിനോട് മാധ്യമപ്രവർത്തകർ പ്രത്യേകമായി ചോദിച്ചു.
ബി.ജെ.പി നേതാക്കൾ പ്രകോപിതരായി പ്രതികരിച്ചതോടെ മാധ്യമപ്രവർത്തകർ യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ച് ഇറങ്ങുകയായിരുന്നു.ഇതിനിടെയാണ് രാകേഷ് ശർമയെ ബി.ജെ.പി പ്രവർത്തകർ നേതാക്കളുടെ സാന്നിധ്യത്തിൽ വളഞ്ഞിട്ട് മർദ്ദിച്ചത്.
പൊലീസെത്തി ഇയാളെ വലിച്ചുമാറ്റുന്നതു വരെ മർദ്ദനം തുടർന്നു. പിന്നാലെ, കഠ് വയിലെ ഷഹീദി ചൗക്കിലും ജമ്മു പ്രസ് ക്ലബ്ബിലും മാധ്യമപ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. സംഭവത്തിൽ കഠ് വ പൊലീസ് കേസെടുത്തു.
#Pahalgam #terror #attack #BJP #workers #beatup #journalist #who #asked #about #Centre's #failure
