(truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഏഴു മണി മുതൽ ഒൻപത് മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനം നടക്കും.

രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ജനങ്ങളും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിക്കും. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗവും നടക്കും.
മകൾ ആരതിയുടെ കൺമുന്നില്‍ വെച്ചാണ് കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് ഭീകരരുടെ വെടിയേറ്റത്. ഒപ്പമുണ്ടായിരുന്ന തന്‍റെ മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കൂട്ടിച്ചേര്‍ത്തു.
#funeral #Ramachandran #native #Edappally #Ernakulam #killed #Pahalgam #terror #attack #today
