ന്യൂഡൽഹി: (truevisionnews.com) പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി യോഗം സമാപിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ആരംഭിച്ചത്.

രണ്ടാഴ്ച്ച മുന്‍പ് ആഭ്യന്തരമന്ത്രി കശ്മീരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു എന്ന് ഹാരിസ് ബീരാൻ എം പി പറഞ്ഞു. ആഭ്യന്തരമന്ത്രി കശ്മീരിലെത്തിയിട്ടും ഇത്തരം ഒരു ഭീകരാക്രമണ ടീം സജ്ജമാണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. ഇത് പ്രതിരോധ വീഴ്ച്ചയാണോ സുരക്ഷാ വീഴ്ച്ചയാണോ എന്ന് പരിശോധിക്കണമെന്ന് സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടെന്ന് ഹാരിസ് ബീരാൻ എം പി പറഞ്ഞു.
ഏപ്രിൽ 20ന് മുൻപ് ബൈസരൻ താഴ്‌വാര തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ല എന്ന് കേന്ദ്രം പറഞ്ഞു. തുടർനടപടികൾ സംബന്ധിച്ച് യോഗത്തിൽ കൃത്യമായ മറുപടി നൽകിയില്ല. ഇതുവരെ സ്വീകരിച്ച നടപടികളാണ് പ്രതിരോധ മന്ത്രി യോഗത്തിൽ വിശദീകരിച്ചത്. ജൂണിലാണ് സാധാരണ ഈ സ്ഥലം തുറന്നു നൽകിയിരുന്നത് എന്നും ഹാരിസ് ബീരാൻ എം പി ചൂണ്ടിക്കാട്ടി.
മതത്തിന്റെ പേരിലാണ് കശ്മീരിൽ വിനോദസഞ്ചാരികൾ കൊലചെയ്യപ്പെട്ടത് എന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടും സമൂഹമാധ്യമങ്ങളിലെ ചർച്ചയും ഇന്ത്യക്ക് ദോഷം ചെയ്യുമെന്നും ഇത്തരം പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ സൈന്യത്തിൽ 1,80,000 സൈനികരുടെ കുറവുണ്ട്. ഇത് സേനാബലം കുറഞ്ഞതിന് കാരണമായോ എന്ന് പരിശോധിക്കണം. സേനാബലത്തിലെ കുറവ് പ്രശ്നബാധിത മേഖലയായ കശ്മീരിൽ പ്രതിഫലിച്ചോ എന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രസർക്കാർ അതിന് വ്യക്തമായ ഉത്തരം നൽകിയില്ല എന്നും ഹാരിസ് ബീരാൻ എം പി പറഞ്ഞു.
സർക്കാർ തലത്തിലും പ്രതിരോധതലത്തിലും വീഴ്ച്ച വന്നോ എന്ന് പരിശോധിക്കണം. ഈ സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആരാണ്, സർക്കാർ തലത്തിൽ ഏത് അന്വേഷണമാണ് നടക്കുന്നത്, ഇനി എന്ത് നടപടി സ്വീകരിക്കും എന്ന് പ്രതിപക്ഷത്തെ അറിയിക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ ഇന്നലത്തെ ക്യാബിനറ്റ് യോഗത്തിൽ പാകിസ്താനെതിരെ എടുത്ത തീരുമാനങ്ങൾ മാത്രമാണ് യോഗത്തിൽ പറഞ്ഞതെന്നും ഹാരിസ് എം പി പറഞ്ഞു.
വിനോദസഞ്ചാരമേഖലയിലെ ഈ ഭീകരാക്രമണം കശ്മീരികളെ സാമ്പത്തികമായി തകര്‍ക്കും എന്നും സർവ്വകക്ഷിയോഗത്തിൽ വിലയിരുത്തി. 2004 മുതൽ 2024 വരെ നിരവധി ആക്രമണങ്ങൾ നടന്നു. എന്നാൽ അത് 2024ഓടെ കുറഞ്ഞു എന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സിംഗ് യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പങ്കെടുത്തില്ല.
#Bysaranvalley #Opposition #demands #inquiry #security #lapses #Kashmir
