ഭരിപാഡ:(truevisionnews.com) വൻ തുക ശമ്പളം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ കടത്തിക്കൊണ്ട് പോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഒഡിഷയിൽ നിന്ന് മധ്യപ്രദേശിലേക്ക് ആദിവാസി പെൺകുട്ടികളെ കടത്തിയതിനാണ് യുവാവ് അറസ്റ്റിലായത്.

ഒഡിഷയിലെ കട്ടൂരിയയിൽ നിന്ന് ഇയാൾ കൊണ്ടുവന്ന രണ്ട് ആദിവാസി പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് മയൂർഭഞ്ച് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ദാനേശ്വർ മുർമു എന്നയാളാണ് അറസ്റ്റിലായത്. കട്ടൂരിയ സ്വദേശിയാണ് ഇയാൾ. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഇതിനോടകം നാല് ആദിവാസി പെൺകുട്ടികളെ മധ്യപ്രദേശിലെത്തിച്ച് വിൽപന നടത്തിയതായാണ് ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.
മധ്യപ്രദേശിലെ ഗുണ ജില്ലയിൽ നിന്നാണ് പൊലീസ് ഇയാളിൽ നിന്ന് രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രക്ഷിച്ചത്. രഹസ്യ വിവരത്തേ തുടർന്നാണ് അറസ്റ്റ്. ഇയാൾ നേരത്തെ മധ്യപ്രദേശിലെത്തിച്ച പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളേയാണ് ഇയാൾ ചൂഷണം ചെയ്തിരുന്നത്.
വീട്ടുകാരുമായി അടുത്ത ശേഷം വിശ്വാസം നേടിയെടുത്താണ് പെൺകുട്ടികളെ ഇയാൾ മധ്യപ്രദേശിലേക്ക് കടത്തിയിരുന്നത്. ഏപ്രിൽ 11ന് നാല് പെൺകുട്ടികളുമായാണ് ഇയാൾ മധ്യപ്രദേശിലെത്തിയത്. രണ്ട് പെൺകുട്ടികളെ ഇടനിലക്കാരന് കൈമാറിയതായാണ് ഇയാൾ വിശദമാക്കിയിട്ടുള്ളത്.
ഏപ്രിൽ 13ന് പെൺകുട്ടികളുടെ വീട്ടുകാർ കുട്ടികളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് വാഗ്ദാനം ചെയ്ത ജോലി ഇനിയും ലഭിച്ചിട്ടില്ലെന്ന് വിശദമായത്. ഇതിന് പിന്നാലെ പെൺകുട്ടികളിലൊരാൾക്ക് അസുഖം ബാധിച്ചതായും കുട്ടികൾ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഇവർ ദാനേശ്വർ മുർമുവിനോട് കുട്ടികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് ദാനേശ്വർ മുർമു സമ്മതിച്ചില്ല. ഇതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
പിന്നാലെ പൊലീസ് ദാനേശ്വർ മുർമുവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും രണ്ട് പെൺകുട്ടികളെ രക്ഷിക്കുകയുമായിരുന്നു. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പെൺകുട്ടികളെ വനിതാ സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.
#One #arrested #trafficking #tribal #girls #promising #jobs
