ശ്രീനഗർ: ( www.truevisionnews.com ) പഹൽഗാമിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തില്‍നിന്നും ഇപ്പോഴും മുക്തനായിട്ടില്ല അസം സ്വദേശിയായ അധ്യാപകൻ ദേബാശീഷ് ഭട്ടാചാര്യ. ഭീകരൻ തോക്കുമായെത്തിയപ്പോൾ ഒപ്പം ഉണ്ടായിരുന്നവര്‍ ചൊല്ലുന്ന പ്രാർഥന കേട്ട് അവര്‍ക്കൊപ്പം 'ലാ ഇലാഹ...' ചൊല്ലിയതിനാലാണ് താനും കുടുംബവും ദേബാശീഷ് പറയുന്നു. സിലിചറിലെ അസം യൂണിവേഴ്‌സിറ്റിയിലെ ബെംഗാളി പ്രൊഫസറാണ് ദേബാശീഷ് ഭട്ടാചാര്യ.
കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ദേബാശീഷ് പെഹല്‍ഗാമില്‍ എത്തിയത്. ആദ്യത്തെ വെടിയൊച്ച കേട്ടപ്പോള്‍ അത് വന്യജീവികളെ തുരത്താനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തതാവും എന്നാണ് കരുതിയത്. തോക്കുമായി ഒരാള്‍ എന്റെയും കുടുംബത്തിന്റെയും അടുത്തേക്ക് നടന്നുവരുന്നത് കണ്ടപ്പോഴും അയാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് എന്നാണ് കരുതിയത്, ദേബാശീഷ് പറയുന്നു.
.gif)
കറുത്ത മുഖപടവും തൊപ്പിയും ധരിച്ച അയാള്‍ ഞങ്ങളുടെ മുന്നിലുണ്ടായിരുന്നവരോട് എന്തോ ചോദിച്ചു. പിന്നാലെ അയാള്‍ ആ കൂട്ടത്തിലെ പുരുഷനെ വെടിവെച്ചു. ഞെട്ടിത്തരിച്ച ഞാനും കുടുംബവും ചുറ്റും ഉണ്ടായിരുന്ന കുറച്ചുപേരും ഓടി അടുത്തുള്ള മരത്തിന്റെ ചുവട്ടില്‍ ഒളിച്ചുകിടന്നു. ഭീകരന്‍ ഞങ്ങളുടെ അടുത്തെത്തി ഒരാളെക്കൂടി വെടിവെച്ചു, ദേബാശീഷ് ഞെട്ടലോടെ ഓര്‍ക്കുന്നു.
എന്റെ കൈയകലത്തിലാണ് ഒരാള്‍ വെടിയേറ്റ് മരിച്ചത്. എന്റെ ചുറ്റും കിടന്നവരെല്ലാം മരണഭയത്തോടെ 'ലാ ഇലാഹ...' ചൊല്ലിത്തുടങ്ങി. ഭയന്നുവിറച്ച ഞാനും അവരോടൊപ്പം അതേറ്റുചൊല്ലി. കൂട്ടത്തില്‍കൂടുന്ന ഒരു പരിപാടിയായിരുന്നു അത്. എന്റെ ചുറ്റുമുള്ളവര്‍ ചെയ്യുന്നത് ഞാനും യാന്ത്രികമായി ചെയ്തു. അതെന്റെ ജീവന്‍ രക്ഷിക്കുമെന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. പക്ഷേ, എന്റെ തലയ്ക്കുനേരെ തോക്കുചൂണ്ടിയ ഭീകരന്‍ ഞാന്‍ 'ലാ ഇലാഹ...' ചൊല്ലുന്നത് കേട്ട് തിരിച്ചുനടന്നു, ദേബാശീഷ് പറയുന്നു.
ഭീകരര്‍ തോക്കുമായി അടുത്തെത്തിയപ്പോള്‍ മരിച്ചു എന്ന് ഉറപ്പിച്ചതാണ്, ഭയത്തില്‍ കൂടെ ഉണ്ടായിരുന്നവര്‍ ചൊല്ലിക്കൊണ്ടിരുന്ന പ്രാര്‍ഥന ഞങ്ങളും ഉരുവിട്ടു.. ഇതുകേട്ട് ഭീകരര്‍ എന്നെയും കുടുംബത്തെയും കൊല്ലാതെ വിടുകയായിരുന്നു.
ഞങ്ങളുടെ കണ്‍മുന്നിലാണ് നാലുഭീകരര്‍ ചേര്‍ന്ന് വെടിയുതിര്‍ത്തുകൊണ്ടിരുന്നത്, ദേബാശീഷ് പറയുന്നു. ഭീകരര്‍ ഗേറ്റ് കടന്നുപോയതും അടുത്തുകണ്ട വേലി ചാടിക്കടന്ന് ഓടിയ തനിക്കും കുടുംബത്തിനും സുരക്ഷിത സ്ഥാനത്തേക്കുള്ള വഴി പറഞ്ഞുതന്നത് അവിടുത്തെ ഗ്രാമവാസികളാണെന്ന് ദേബാശീഷ് പറയുന്നു.
അപ്പോഴേക്കും എങ്ങനെയോ തന്റെ ഗൈഡും ഡ്രൈവറും അവിടെയെത്തി. അവര്‍ തന്നെയും കുടുംബത്തെയും സുരക്ഷിതരായി ശ്രീനഗറില്‍ എത്തിച്ചതായും ദേബാശീഷ് പറഞ്ഞു. ഇപ്പോള്‍ കുടുംബത്തോടൊപ്പം താന്‍ സുരക്ഷിതനാണെന്നും അസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദേബാശീഷ് പറഞ്ഞു. വൈകാതെ സുരക്ഷിതരായി നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ദേബാശീഷും കുടുംബവും.
#chantingislamicprayer #helped #hinduman #escape #terrorists #pahalgam #jammukashmir
