പഹൽഗാം: ( www.truevisionnews.com) ജമ്മുകശ്മീരിലെ പഹൽഗാമിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കർണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഭീകര നിമിഷങ്ങളിൽ നിന്നും മുക്തയായിട്ടില്ല മഞ്ജുനാഥിന്റെ ഭാര്യ പല്ലവി. മകന്റെയും തന്റെയും കൺമുന്നിൽവച്ചാണ് മഞ്ജുനാഥിനെ അക്രമികൾ കൊലപ്പെടുത്തിയതെന്ന് പല്ലവിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ആക്രമികൾ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായി പല്ലവി പറഞ്ഞു. "മൂന്നു നാലു പേർ ഞങ്ങളെ ആക്രമിച്ചു. എൻ്റെ ഭർത്താവിനെ നിങ്ങൾ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് അവരോട് ഞാൻ പറഞ്ഞു.
നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ എന്നാണ് അവരിൽ ഒരാൾ മറുപടി നൽകിയത്. ഇതൊരു ദുഃസ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് തങ്ങളെ രക്ഷിച്ചത്." പല്ലവി പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്. ഭീകരാക്രമണത്തിൽ 20 ലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ എൻഐഎ അന്വേഷണം നടത്തും.
#karnataka #man #killed #terrorattack #pahalgam
