Apr 21, 2025 07:17 PM

തിരുവനന്തപുരം: (www.truevisionnews.com) അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കാണണമെന്ന് വളരെയധികം മോഹിച്ച മഹാവ്യക്തിത്വങ്ങളിലൊരാളായിരുന്നു മാര്‍പാപ്പയെന്നും അദ്ദേഹം ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിന് സാഹചര്യമൊരുങ്ങുമെന്നാണ് പ്രതീക്ഷിച്ചതെന്നും എംഎ ബേബി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് അനുഭാവിയെന്ന് ചിലരാല്‍ ആരോപിക്കപ്പെട്ട വ്യക്തിയാണ് മാര്‍പാപ്പ, അതിന് അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമാണ്, ഞാന്‍ യേശുക്രിസ്തുവിന്റെ പാതയാണ് പിന്തുടരുന്നത്.

കമ്മ്യൂണിസ്റ്റുകാര്‍ യേശുവിന്റെ പാത പിന്തുടരുന്നുണ്ടെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്റ്റാണെന്ന് ചിലര്‍ക്ക് തോന്നിയെന്നുവരാം. എനിക്കതില്‍ കുറ്റബോധമില്ല'-എംഎ ബേബി പറഞ്ഞു.

'യേശുക്രിസ്തു നിന്ദിതരുടെയും പീഡിതരുടെയുമൊപ്പം നിന്നു. മനുഷ്യസ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവാഹകനായിരുന്നു. മനുഷ്യസമത്വത്തിന്റെ ഒപ്പമായിരുന്നു യേശുക്രിസ്തു.

യേശുവിന്റെ ഉത്തമനായ അനുയായിയെപ്പോലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രവര്‍ത്തിച്ചതും ജീവിച്ചതും. അദ്ദേഹത്തെ ഒരിക്കല്‍ നേരില്‍ കാണണമെന്നുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യയിലേക്ക് വരുമ്പോള്‍ അതിനു സാഹചര്യമൊരുങ്ങുമെന്നും കരുതി.

എന്നാല്‍ പലകാരണങ്ങളാലും അദ്ദേഹത്തിന് ഇന്ത്യയിലെത്താന്‍ കഴിഞ്ഞില്ല. ലാറ്റിനമേരിക്കയില്‍ ശക്തിപ്പെട്ട വിമോചന ദൈവശാസ്ത്രത്തിന്റെ അലകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിന്തയെയും സ്വാധീനിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ഒരു പാവപ്പെട്ടവന്‍ വഴിയരികില്‍ കിടന്ന് മരിച്ചാല്‍ അത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല.

പക്ഷെ ഓഹരിക്കമ്പോളത്തില്‍ ചെറിയ ഉയര്‍ച്ചതാഴ്ച്ചകള്‍ സംഭവിച്ചാല്‍ അത് മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയാണ്. ഇതുപോലൊരു കെട്ടകാലത്താണ് നാം ജീവിക്കുന്നതെന്ന് തുറന്നടിക്കാന്‍ മടികാണിക്കാത്തയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ'- എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

#Pope #communists #path #Jesus #communist #MABaby

Next TV

Top Stories