കൊച്ചി: (truevisionnews.com) ഗതാഗതനിയമലംഘനം നടത്തിയെന്ന സന്ദേശം വാട്സാപ്പിൽ ലഭിച്ചാൽ തൊട്ടുപോകരുത്. പണം ക്രെഡിറ്റ് കാർഡിൽനിന്നുവരെ അപഹരിക്കപ്പെടും. എറണാകുളം സ്വദേശിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 20,000 രൂപയാണ് ഇത്തരത്തിൽ അപഹരിച്ചത്.

ഏപ്രിൽ 11-ന് രാവിലെ 11-ന് നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ട്രാഫിക് നിയമലംഘനം നടത്തിയെന്നും ചെലാൻ ലഭിക്കാൻ മെസേജിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നുമായിരുന്നു എറണാകുളം സ്വദേശിക്ക് ലഭിച്ച വാട്സാപ്പ് സന്ദേശം.
ചെലാൻ നമ്പർ, ട്രാഫിക് നിയമലംഘനം നടത്തിയതിന്റെ തീയതി, വാഹന നമ്പർ എന്നിവയടക്കമായിരുന്നു സന്ദേശം. വാട്‌സാപ്പ് നമ്പറിന്റെ ഡിപി മോട്ടോർവാഹന വകുപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന എംബ്ലമായിരുന്നു.
ആപ്പ് ഡൗൺലോഡ് ചെയ്തപ്പോൾ ചെലാൻ ലഭിക്കാൻ ഒരു രൂപ അടയ്ക്കണമെന്ന സന്ദേശം കിട്ടി. ഇത് 24 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമെന്നും അറിയിച്ചു. സംശയം തോന്നിയതിനാൽ പണം അടച്ചില്ല. പക്ഷേ, ഡൗൺലോഡ് ചെയ്ത ആപ്പ് ഡിലീറ്റ് ചെയ്യാൻ വിട്ടുപോയി.
ഇതിനിടയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോൺ റീ ചാർജ് ചെയ്തു. ഇതിനുപിന്നാലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9999 രൂപയുടെ ഇടപാട് നടന്നുവെന്നും ഇത് സംശയകരമായതിനാൽ കാർഡ് ബ്ലോക്ക് ചെയ്യണമെന്നുമുള്ള സന്ദേശം ക്രെഡിറ്റ് കാർഡ് സംരംഭകരിൽനിന്ന് ലഭിച്ചു. കാർഡ് ബ്ലോക്ക് ചെയ്തു. പക്ഷേ, 9999 രൂപയുടെ രണ്ട് ഇടപാടുകൾ നടന്നുവെന്നാണ് ക്രെഡിറ്റ് കാർഡ് അധികൃതർ അറിയിച്ചത്.
സുമാറ്റോ വാലറ്റ് ഗുരുഗ്രാം എന്ന അക്കൗണ്ടിലേക്ക് പണം അടച്ചതായ സന്ദേശമാണ് ലഭിച്ചത്. പരാതിക്കാരന് ലഭിച്ചതരത്തിലുള്ള സന്ദേശം വാട്സാപ്പ് വഴി ആർക്കും അയക്കാറില്ലെന്നാണ് മോട്ടാർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
#receive #message #WhatsApp #stating #you #committed #traffic #violation #do #not #respond.
