നീലേശ്വരം(കാസര്‍കോട്): (www.truevisionnews.com) കരിന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നീലേശ്വരത്തെ ജൂവലറി ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡില്‍.

നീലേശ്വരം ദേവനന്ദ ഗോള്‍ഡ് ഉടമയും അഞ്ചരക്കണ്ടി സ്വദേശിയുമായ പി.വി. ബിജു, നീലേശ്വരത്തെ കടയിലെ സെയില്‍സ് ഗേള്‍ വി. രമ്യ, ഇരിട്ടി പടിയൂര്‍ സ്വദേശിയും ചെറുവത്തൂര്‍ പുതിയ കണ്ടത്ത് താമസക്കാരനുമായ ടി. ഷിജിത്ത് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
വ്യാഴാഴ്ചയാണ് പ്രതികള്‍ 916 മുദ്ര പതിപ്പിച്ച 26.400 ഗ്രാം ആഭരണം പണയപ്പെടുത്തുന്നതിനായി കരിന്തളം സഹകരണ ബാങ്കില്‍ എത്തിയത്. ജീവനക്കാര്‍ക്ക് സംശയം തോന്നി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
തുടര്‍ന്ന് ബാങ്ക് സെക്രട്ടറി വി. മധുസൂദനന്‍ പോലീസില്‍ പരാതി നല്‍കി. രമ്യ, ഷിജിത്ത് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുക്കുപണ്ടത്തിന് 916 മുദ്ര പതിപ്പിച്ച നല്‍കിയ ജൂവലറി ഉടമ ബിജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
പരിചയക്കാരായ രമ്യയും ഷിജിത്തും നീലേശ്വരത്തെ ഒരു ഫാന്‍സി കടയില്‍നിന്ന് മുക്ക് പണ്ടം വാങ്ങുകയും ഷിജിത്തിന്റെ സുഹൃത്തായ ബിജുവിന്റെ ജൂവലറിയില്‍ പോയി 916 മുദ്ര പതിപ്പിച്ച് പണയം വെക്കാന്‍ ബാങ്കിലെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇവരുടെ നേതൃത്വത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നീലേശ്വരം എസ്‌ഐ കെ.വി. രതീശന്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്‌ഐ സി.കെ. മുരളീധരന്‍, എഎസ്‌ഐ പ്രീതി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശന്‍ കോറോം, സി. രാജീവന്‍, മധു മാണിയാട്ട്, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീദേവി, ഡ്രൈവര്‍ ജയേഷ്, ഹോം ഗാര്‍ഡ് ഗോപിനാഥ് എന്നിവരും ഉണ്ടായിരുന്നു.
#916stamp #jewellery #Three #people #owner #arrested #embezzlemoney #pawning
