എറണാകുളം : ( www.truevisionnews.com) മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ മോഷണം നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി മൂവാറ്റുപുഴ പൊലീസ്. പേഴയ്ക്കാപ്പിള്ളി സ്വദേശി കുരിശ് ജലീല്‍ എന്നറിയപ്പെടുന്ന വീരാന്‍കുഞ്ഞാണ് പിടിയിലായത്. സ്‌കൂളില്‍ മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. പ്രാധാന അധ്യാപികയുടെ റൂം കുത്തി തുറന്ന മോഷ്ടാവ്, ക്യാമറ കേടുവരുത്തുകയും മോണിറ്റര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് മോണിറ്റര്‍ സ്‌കൂള്‍ കോമ്പൗണ്ടിലെ കിണറ്റില്‍ വലിച്ചെറിയുകയും ചെയ്തു. പിക്കാസ് ഉപയോഗിച്ചാണ് റൂമിന്റെ പൂട്ട് തകര്‍ത്തത്. ഓഫീസ് റൂമില്‍ നിന്നും ആയിരത്തോളം രൂപയാണ് മോഷ്ടിച്ചത്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ ആളെ പിടികൂടി. വീരാന്‍കുഞ്ഞിനെയാണ് മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്‌ചെയ്തത്.
പ്രതിയുമായി പൊലീസ് സംഘം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. കിണറ്റില്‍ ഉപേക്ഷിച്ച മോണിറ്റര്‍ മൂവാറ്റുപുഴ അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം മുങ്ങിയെടുത്തു. സ്‌കൂളില്‍ ഇതിന് മുന്‍പും ഒന്നിലധികം തവണ മോഷണം നടന്നിട്ടുണ്ട്.
പ്രതി കഴിഞ്ഞ ദിവസങ്ങളില്‍ കോതമംഗലം, അങ്കമാലി, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.
#moovattupuzha #school #theft #accused #arrested
