കാസർഗോഡ്: (truevisionnews.com) റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി ട്രാക്കിനടുത്ത് തീയിട്ട സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ ജിജോ ഫിലിപ്പിനെ പൊലീസ് പിടികൂടി.

യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നു. ബുധനാഴ്ച രാത്രി ബേക്കൽ പൊലീസ് സ്റ്റേഷൻപരിധിയിൽ രണ്ടിടങ്ങളിലായാണ് റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തിയത്.
കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ യുവാവ് ട്രാക്കിലൂടെ നടന്ന് കളനാട് റെയിൽവെ തുരങ്കത്തിൽ എത്തി. ഇരുട്ട് നിറഞ്ഞ തുരങ്കം കടക്കാൻ ഓലച്ചൂട്ട് കത്തിച്ചു. തുരങ്കം കടന്ന ശേഷം ചൂട്ട് റെയിൽവെ ട്രാക്കിനു സമീപത്ത് ഉപേക്ഷിച്ചു. സമീപത്തെ കാടിന് തീ പടർന്നു പിടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് തീയണച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രാക്കിൽ കരിങ്കല്ല് നിരത്തി വച്ച നിലയിൽ കണ്ടെത്തിയത്. കോട്ടിക്കുളം, റെയിൽവെ സ്റ്റേഷനു സമീപം ചിറമ്മലിൽ റെയിൽപാളത്തിൽ മരത്തടി കയറ്റി വച്ച നിലയിലും കണ്ടെത്തി.
ലോക്കോ പൈലറ്റാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ പിടികൂടിയത്. ഇയാൾ നേരത്തെയും സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. യുവാവിനെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
#Youth #arrested #setting #fire #railway #tracks #placing #stones #logs
