(truevisionnews.com) കാസർഗോഡ് കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെ പുരാതന കാലത്തെ മൺപാത്രങ്ങളും അസ്ഥിയും കണ്ടെത്തി. ബന്തടുക്ക മാണിമൂലയിൽ നിന്നാണ് പുരാതന കാലത്തെ ശേഷിപ്പുകൾ കണ്ടെത്തിയത്.

ജലജീവൻ മിഷൻ പദ്ധതിയിൽ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് മൺപാത്രങ്ങളും അസ്ഥിയും കണ്ടെത്തിയത്. പാത്രത്തിൽ കഷണങ്ങളായ നിലയിലാണ് അസ്ഥിഭാഗങ്ങളുണ്ടായിരുന്നത്.
ബി.സി അഞ്ചാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനുമിടയിയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന നോർത്തേൺ ബ്ലാക്ക് പോളിഷ്ഡ് ഇനത്തിൽപ്പെട്ട മൺപാത്രവും നാല് കാലുകൾ ഉള്ള അഞ്ച് മൺപാത്രങ്ങളും, നന്നങ്ങാടിയുടേതെന്ന് കരുതുന്ന ഭീമൻ പാത്രത്തിൻ്റെ അടപ്പും, ഇരുമ്പ് അവശിഷ്ടങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
ചെങ്കല്ലറകളിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ ലഭിക്കാറുണ്ടെങ്കിലും മൺപാത്ര അവശിഷ്ടങ്ങൾക്കൊപ്പം നിരവധി അസ്ഥി ഭാഗങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണെന്ന് സ്ഥലം സന്ദർശിച്ച ചരിത്രകാരൻ ഡോ. നന്ദകുമാർ കോറോത്ത് പറഞ്ഞു.
മണ്ണിനിടയിൽ വലിയ ഭരണിയുടെ ഭാഗങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകുന്നതാണ് മാണിമൂലയിലെ ചരിത്രശേഷിപ്പുകൾ. ഇതിന് സമീപത്തായി തന്നെ മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ലറയുമുണ്ട്.ചരിത്രാവശിഷ്ടങ്ങൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
#Ancient #pottery #bones #discovered #during #excavation #drinking #water #project
