ഏറ്റുമാനൂർ : (truevisionnews.com) ഫയൽ ആരെടുക്കുമെന്നുള്ള തർക്കംമൂലം മൃതദേഹം അനാഥമായി കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി വരാന്തയിൽ നാലു മണിക്കൂറോളം കിടന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച അനാഥന്റെ മൃതദേഹത്തോടാണ് അനാദരം.

ഒന്നരമാസം മുൻപു റെയിൽവേ ട്രാക്കിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ആളെ ഈസ്റ്റ് പൊലീസാണു മെഡിക്കൽ കോളജിലെത്തിച്ചത്. 63 വയസ്സുണ്ടെന്നു കരുതുന്നു. ചികിത്സയിൽ ഇരിക്കെ ഒരു മാസം മുൻപു മരിച്ചു. അന്നു മുതൽ മോർച്ചറിയിലായിരുന്നു. ബന്ധുക്കളാരും അന്വേഷിച്ചു വന്നില്ല. തുടർന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനും സംസ്കരിക്കാനുമുള്ള നടപടികളുമായി ഇന്നലെ രാവിലെ പൊലീസെത്തി.
ഒൻപതരയോടെ മൃതദേഹം പുറത്തിറക്കിയെങ്കിലും കേസ് ഷീറ്റ് ഉണ്ടെങ്കിലേ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയൂവെന്നു ഫൊറൻസിക് മേധാവി അറിയിച്ചു. കേസ് ഷീറ്റ് ഇല്ലെങ്കിൽ പിജി വിദ്യാർഥികളെക്കൊണ്ട് ഒപ്പിടുവിച്ച് പോസ്റ്റ്മോർട്ടം നടത്താമെന്നും അദ്ദേഹം നിർദേശിച്ചു.
മെഡിക്കൽ കോളജിലെ മെഡിക്കൽ റിക്കോർഡ്സ് ലൈബ്രറിയിലാണ് ഇത്തരം കേസ് ഫയലുകൾ. വകുപ്പ് മേധാവിയോ അന്നേ ദിവസം ഡ്യൂട്ടിയിലുള്ള മെഡിക്കൽ ഓഫിസറോ ലൈബ്രറിയിലെത്തി ഒപ്പിട്ടുവേണം കേസ് ഫയൽ എടുക്കാനെന്നാണ് മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ നിർദേശം. തുടർനടപടികൾ വന്നാൽ ഫയൽ കൈപ്പറ്റിയവർ ഹാജരാകുകയും വേണം.
പിജി വിദ്യാർഥികൾ പിന്നീട് ഇവിടെ തുടരാനുള്ള സാധ്യതയില്ലാത്തതിനാൽ സാധാരണ അവരെക്കൊണ്ട് ഫയൽ എടുപ്പിക്കാറുമില്ല.അതോടെ ആരു ഫയലെടുക്കുമെന്ന തർക്കമായി. മൃതദേഹം 4 മണിക്കൂറോളം മോർച്ചറി വരാന്തയിൽക്കിടന്നു.
ഒടുവിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ഫൊറൻസിക് വിഭാഗത്തിനു കർശന നിർദേശം നൽകിയതോടെ ഒന്നരയോടെ പോസ്റ്റ്മോർട്ടത്തിന് കയറ്റി. മൂന്നോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം പൊലീസിനു കൈമാറി.
#unclaimed #deadbody #kottayam #medical #college #four #hours dispute
