വടകര ( കോഴിക്കോട് ): ( www.truevisionnews.com ) സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് പിടികൂടിയത്.

വടകര പൊലീസാണ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ന് വൈകീട്ടാണ് സംഭവം. കൈനാട്ടിയിൽ വച്ച് സ്വകാര്യ ബസ് തൊപ്പിയും കൂട്ടാളികളും സഞ്ചരിച്ച വാഹനത്തിൻ്റെ ഇടത് വശത്ത് കൂടെ ഓവർടേക്ക് ചെയ്‌തുവെന്ന് ആരോപിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. പിന്നാലെ തൊപ്പിയും കൂട്ടാളികളും ബസിനെ പിന്തുടർന്ന് വടകര പുതിയ സ്റ്റാന്റിൽ എത്തുകയും ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ ബസ് ജീവനക്കാർ വാഹനത്തിൻ്റെ ഗ്ലാസ് പൊട്ടിച്ചുവെന്ന് ആരോപിച്ച് തൊപ്പിയുമായി വീണ്ടും തർക്കത്തിലായെന്നാണ് വിവരം. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. ബസ് തൊഴിലാളികൾ തടഞ്ഞ് വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തൊപ്പിയെയും കൂട്ടാളികളെയും വടകര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരുടെ വാഹനവും സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
#argument #brokeout #between #YouTuber #bus #employee #Vadakara #police #took #him #station
