Apr 15, 2025 07:08 AM

തിരുവനന്തപുരം: ( www.truevisionnews.com) പിഎം ശ്രീ പദ്ധതിയിൽ അംഗമാകണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിലപാടിനോട് ഇനിയും യോജിക്കാതെ സിപിഐ. എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുന്നതോടെ ഈയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല.

പിഎം ശ്രീയിൽ ചേരാത്തതിനാൽ സമഗ്ര ശിക്ഷാ കേരള ഫണ്ട് കൂടി തടഞ്ഞുവെക്കുന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ശരിയല്ലെന്ന വാദമാണ് സിപിഐ മുന്നോട്ടുവെക്കുന്നത്.

പിഎം ശ്രീയിൽ ചേരാനുള്ള വിദ്യാഭ്യാസവകുപ്പ് നീക്കത്തെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ ശക്തമായി എതിർത്തിരുന്നു. കൂടുതൽ ചർച്ചക്കായി അടുത്ത മന്ത്രിസഭാ യോഗത്തിലേക്ക് വിഷയം മാറ്റിയെങ്കിലും സിപിഐ അയഞ്ഞിട്ടില്ല. മാസപ്പടി കേസിലെ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേന്ദ്ര ഏജൻസി അന്വേഷണവുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വത്തെ വി ശിവൻകുട്ടി പരസ്യമായി വിമർശിച്ചത് ഇതിന് ശേഷമായിരുന്നു.

പിഎം ശ്രീയിൽ ചേരാത്തതിനാൽ എസ്എസ്‌കെക്കുള്ള 750 കോടി കേന്ദ്രം തരാത്തതാണ് വിദ്യാഭ്യാസവകുപ്പ് ഉന്നയിക്കുന്നത്. എന്നാൽ പിഎം ശ്രീക്ക് പിന്നിൽ ബിജെപിയുടെ വലിയ കെണിയുണ്ടെന്നാണ് സിപിഐയുടെ നിലപാട്.

പദ്ധതിയിൽ ചേരുന്ന സ്കൂളുകൾക്ക് മുന്നിൽ പിഎം ശ്രീ ബോർഡും പ്രധാനമന്ത്രിയുടെ ചിത്രവും വെക്കേണ്ട കോ ബ്രാൻഡിംഗിൽ സിപിഐ ഇനിയും വിട്ടുവീഴ്ചക്കില്ല. അതിനുമപ്പുറം ഇടത് പാർട്ടികൾ ശക്തമായി എതിർക്കുന്ന എഇപി അഥവ ദേശീയ വിദ്യഭ്യാസ നയവും പിഎം ശ്രീയിൽ ചേരും വഴി നടപ്പാക്കേണ്ടിവരുമെന്നതും സിപിഐയുടെ മറ്റൊരു പ്രധാന പ്രശ്നം, പിഎം ശ്രീയിൽ ഒരിക്കൽ ചേർന്നാൽ പിന്നെ മാറാനാകില്ല. കേരളത്തിനൊപ്പും തമിഴ് നാടും ബംഗാളും എൻഇപിയെ എതിർക്കുകയാണ്. ചർച്ചകൂടാതെ നയം മാറ്റാനാകില്ലെന്നാണ് സിപിഎ കടുംപിടുത്തം.

എൽഡിഎഫിൽ ചർച്ച ചെയ്യണമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. മറ്റ് ഘടകകക്ഷികൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. എൽഡിഎഫ് ചേർന്നാലും വിട്ടുവീഴ്ചക്കില്ലെന്നാണ് സിപിഐ പറയുന്നത്. സർക്കാരിൻറെ വാർഷിക പരിപാടികൾ അടുത്താഴ്ച ആരംഭിക്കുന്നതുകൊണ്ട് എൽഡിഎഫ് യോഗം എന്ന് ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.





#Dispute #LDF #over #PMShri #CPI #insists #big #trap #Will #not #consider #next #cabinet #meeting

Next TV

Top Stories