തൃശൂർ: (truevisionnews.com) പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ ഉണ്ടായ അക്രമസംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൈപമംഗലം പുന്നക്കച്ചാൽ ദേശത്തെ മടത്തിങ്കൽ വീട്ടിൽ ലാലു (53), കൈപമംഗലം കൈതവളപ്പിൽ വീട്ടിൽ, അക്ഷയ് (20) എന്നിവരാണ് അറസ്റ്റിലായത്.

ഏപ്രിൽ 13-ന് രാത്രി 10 മണിയോടെ അക്ഷയും സുഹൃത്ത് ആദിത്യനും ബീച്ചിന് സമീപം പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവിൽ ലാലു അക്ഷയെയും ആദിത്യനെയും പിടിച്ചു തള്ളുകയും ലാലുവിന്റെ കൂടെയുണ്ടായിരുന്ന ഒരാൾ ആദിത്യനെ മർദിക്കുകയും ചെയ്തു.
തുടർന്ന്, ലാലു തൊട്ടടുത്തുള്ള വീട്ടിൽ നിന്നും കത്തിയുമായി വന്ന് വെട്ടാനായി വീശിയതിൽ അക്ഷയുടെ തോളിൽ ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ വന്ന ആദിത്യന്റെ കഴുത്തിൽ ഇടത് ഭാഗത്തും കത്തി കൊണ്ട് വെട്ടി.
ഇരുവരെയും ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് ലാലുവിനെ കൈപമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ വീട്ടിലേക്ക് പടക്കം കത്തിച്ച് എറിഞ്ഞ് പൊട്ടിക്കുന്നത് ലാലു ചോദ്യ ചെയ്തതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ തങ്ങൾ ഇഷ്ടമുള്ള സ്ഥലത്ത് പടക്കം പൊട്ടിക്കും എന്നും പറഞ്ഞ് ആദിത്യനും അക്ഷയും പ്രകോപനമുണ്ടാക്കി.
ഇതിന് പിന്നാലെ ലാലുവിനെ ഇടത് കണ്ണിനും മൂക്കിനും ഇടിക്കുകയും ഇഷ്ടിക കൊണ്ട് അടിക്കുകയും ചെയ്തു. ഇതു കണ്ട് ഓടി വന്ന ലാലുവിന്റെ ഭാര്യയെ ചവിട്ടുകയും മറ്റും ചെയ്ത സംഭവത്തിലാണ് അക്ഷയ് അറസ്റ്റിലായത്.
കൈപമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ.ആർ, സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, ജൈസൺ, മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫിസർ അൻവറുദ്ദീൻ, സിവിൽ പോലീസ് ഓഫിസർമാരായ സൂരജ്, ശ്യാംകുമാർ, ഗില്‍ബട്ട് ജേക്കബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
#Argument #over #bursting #firecrackers #ends #stabbing #two #arrested
