Apr 12, 2025 08:53 AM

( www.truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലീംലീഗ് നേതാവ് കെ എം ഷാജി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് മുസ്ലീംലീഗിനെക്കുറിച്ചാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം വെള്ളാപ്പള്ളിയെ വെള്ളപൂശുന്നതാണ്. ജവഹർലാൽ നെഹ്റുവിന്റെ മുഖത്ത് നോക്കി രാഷ്ട്രീയം പറഞ്ഞ സി എച്ച് മുഹമ്മദ് കോയയുടെ പാർട്ടിയാണ് ലീഗെന്നും, വോട്ട് നോക്കി ഇരിക്കില്ലെന്നും മലപ്പുറം കീഴ്പറമ്പിൽ കെ എം ഷാജി പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയും അദ്ദേഹത്തിന്റെ മലപ്പുറം പ്രസംഗത്തെ ന്യായീകരിച്ചുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. പരാമര്‍ശം മലപ്പുറത്തിന് എതിരായിരുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചത് മുസ്ലീംലീഗിനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടായി എന്ന് പറഞ്ഞ മുഖ്യമന്ത്രി ശ്രദ്ധ വേണമെന്നും വെള്ളാപ്പള്ളിയോട് പറഞ്ഞു.

മുഖ്യമന്ത്രിക്കൊപ്പം നാലു മന്ത്രിമാരും എസ്എന്‍ഡിപി നേതൃത്വത്തില്‍ 30 വര്‍ഷം പിന്നിട്ട വെള്ളാപ്പള്ളി നടേശന് ആശംസ അറിയിക്കാന്‍ എത്തിയിരുന്നു. ഇതിനിടെ പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി എസ്എന്‍ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേദിയിലായിരുന്നു പ്രതികരണം.



#kmshaji #against #cm #pinarayivijayan

Next TV

Top Stories