കണ്ണൂർ (truevisionnews.com) : ഇന്നു രാവിലെയാണു കണ്ണപുരം പൊലീസിന്റെ നേതൃത്വത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപത്തെ ബിജെപിയുടെയും സിപിഎമ്മിന്റെയും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മുഴുവൻ നീക്കം ചെയ്തത്. ബിജെപി സ്‌ഥാപക ദിനത്തിൽ സ്‌ഥാപിച്ച കൊടിമരം സംഘർഷസാധ്യത കണക്കിലെടുത്ത് കണ്ണപുരം ഇൻസ്പെക്‌ടർ പി.ബാബുമോന്റെ നേതൃത്വത്തിൽ പൊലീസ് നീക്കം ചെയ്‌തിരുന്നു. തുടർന്നു തിങ്കളാഴ്‌ച വൈകിട്ട് ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കണ്ണപുരത്ത് കൊടിമരം പുനഃസ്ഥാപിച്ചു.

ബിജെപിയുടെ കൊടിമരം പൊലീസ് നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ചു തിങ്കളാഴ്‌ച രാത്രി ബിജെപി കല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുകയും, പൊലീസ് ഇൻസ്പെക്ടർക്കെതിതെ അശ്ലീല ഭാഷയിൽ മുദ്രാവാക്യം വിളിക്കുകയും കെഎസ്‌ടിപി റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ബിജെപി സംസ്‌ഥാന സെക്രട്ടറി കെ. രഞ്ജിത്ത് അടക്കം കണ്ടാലറിയാവുന്ന 40 ബിജെപി പ്രവർത്തകർക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവമോർച്ച ജില്ലാ സെക്രട്ടറി അർജുൻ ചിറക്കൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മോഹനൻ കുഞ്ഞിമംഗലം, മധു മാട്ടൂൽ, പി.ബാലകൃഷ്‌ണൻ, ഗംഗാ കാളീശ്വരൻ, സി.വി. സുമേഷ്, രാജേഷ് കരിക്കാട്ട്, ഹരിദാസൻ കവിടിശ്ശേരി, റിനോയ് ഫെലിക്‌സ് തുടങ്ങി കണ്ടാലറിയാവുന്ന 40 ബിജെപി പ്രവർത്തകർക്കെതിരെയാണു കേസ്. നിയമവിരുദ്ധമായി സംഘം ചേരുകയും, പൊലീസിനെതിരെ അശ്ലീല ഭാഷയിൽ മുദ്രാവാക്യം വിളിക്കുകയും, ഉപരോധിക്കുകയും ചെയ്തെന്നാണു കേസ്.
#Police #remove #flagpole #restored #BJP #Kannur #obscene #slogans #raised #response #case #filed #against #BJPworkers
