താമരശ്ശേരി:(truevisionnews.com) ഈങ്ങാപ്പുഴ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നൗഷാദിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കണ്ണൂർ റേഞ്ച് ഡി ഐ ജി യുടേതാണ് നടപടി. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയത്തിനായിരുന്നു നടപടി. സംഭവത്തിൽ നൗഷാദിന്റെ ബലിയാടാക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.

മാർച്ച് 18-നായിരുന്നു ലഹരി വസ്തുക്കൾ അടക്കം പതിവായി ഉപയോഗിച്ചിരുന്ന യാസിർ ഭാര്യയെ മകളുടെ മുന്നിൽ വച്ച് കുത്തികൊലപ്പെടുത്തിയത്. മധ്യസ്ഥചർച്ചയിലെ ധാരണപ്രകാരം ഷിബിലയുടെ രേഖകളും മകളുടെ വസ്ത്രങ്ങളും തിരിച്ചെത്തിക്കാനെത്തിയപ്പോഴായിരുന്നു അക്രമം. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും യാസിർ കുത്തി പരിക്കേൽപ്പിച്ചിരുന്നു.
നേരത്തെ യാസിറിനെതിരെ ഷിബില നൽകിയ പരാതി സ്റ്റേഷനിലെ പിആര്‍ഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ നൗഷാദ് ആണ് കൈകാര്യം ചെയ്തിരുന്നത്. യാസിറിൽ നിന്ന് ഭീഷണിയുണ്ടെന്നുകാണിച്ച് നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടിയെടുത്തത്. പരാതിയുടെ ഗൗരവം മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തി എന്ന വിലയിരുത്തലിലാണ് നടപടിയെടുത്തത്.
യാസറിന്‍റെയും ഷിബിലയുടേയും പ്രണയ വിവാഹമായിരുന്നു. എന്നാൽ ലഹരിയുപയോഗവും ശാരീരിക പീഡനവും ഒടുവിൽ ഷിബിലയുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. സഹികെട്ടാണ് ഷിബിലെ യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു.
ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസിർ സമ്മതിച്ചിരുന്നില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബില പൊലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടുകാരിൽ ചിലർ അനുനയത്തിനും ശ്രമിച്ചിരുന്നു.
അങ്ങനെയാണ് സ്കൂൾ സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. പിന്നീട് നോമ്പുതുറ നേരത്ത് വീണ്ടും വരാമന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞ് പോയ യുവാവ് തിരികെ എത്തി ഷിബിലയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നേരത്ത് യാസർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. സ്വബോധത്തോടെ കരുതിക്കൂട്ടി എത്തിയതെന്നാണ് നിഗമനം.
#Kozhikode #Shibila #murder #case#Grade #SI #Noushad#suspension #withdrawn
