കോഴിക്കോട്: (truevisionnews.com) മുസ്‌ലിം ലീഗ് നടപ്പിലാക്കുന്ന മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം നാളെ വൈകുന്നേരം 3 മണിക്ക് നടക്കും. ബുധനാഴ്ച നടക്കുന്ന ശിലാസ്ഥാപനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് വാർത്താസമ്മേളനത്തിലൂടെ ലീഗ് നേതൃത്വം അറിയിച്ചു.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് പ്രധാന റോഡിനോട് ഓരം ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. പത്തര ഏക്കർ ഭൂമിയിൽ 2000 സ്‌ക്വയർഫീറ്റ് വീട് നിർമ്മിക്കാനുള്ള അടിത്തറയോടു കൂടി 1000 സ്‌ക്വയർഫീറ്റ് വീടുകളാണ് നിർമ്മിക്കുന്നത്.
ശുദ്ധജലവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തത്. 105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ സംബന്ധിക്കും. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നൽകാമെന്ന സർക്കാർ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടർന്ന് പാർട്ടി സ്വന്തം നിലക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നു.
പദ്ധതി പ്രദേശം മോപ്പാടി-മുട്ടിൽ പ്രധാനപാതയുടെ ഓരത്താണ്. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ, അംഗങ്ങളായ പി.കെ ഫിറോസ്, പി. ഇസ്മയിൽ, ടി.പി.എം ജിഷാൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
#MuslimLeague #Mundakai #Chooralmala #rehabilitation #project #foundation #stone #tomorrow
