തൃശൂർ: (truevisionnews.com) സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി റവലൂഷനറി യൂത്ത് ഫ്രണ്ട്.

റവലൂഷനറി യൂത്ത് ഫ്രണ്ട് തൃശൂർ ജില്ല സെക്രട്ടറി ആസാദ് കാശ്മീരിയാണ് പരാതി നൽകിയത്. സർവിസ് ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായതിന് പിന്നാലെയാണ് ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമിൽ രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടത്.
'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു ദിവ്യ പങ്കുവെച്ച പോസ്റ്റ്.
ദിവ്യ എസ്. അയ്യരുടെ പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ അടക്കം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ്. അയ്യരെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. എ.കെ.ജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻ വിമർശിച്ചു.
ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാറിന്‍റെ തീരുമാനങ്ങൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ടവരാണെന്നും എന്നാൽ സർക്കാറിന് നേതൃത്വം കൊടുക്കുന്ന മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ്. അയ്യരെന്ന് വിജിൽ മോഹനൻ പറഞ്ഞു.
#DivyaSIyer #violates #IAS #service #rules #complaint #filed #with #ChiefSecretary
