ചെന്നൈ: (www.truevisionnews.com) തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും എം.പിയുമായ കനിമൊഴിക്കുമെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയവർ അറസ്റ്റിൽ.

തമിഴ്‌നാട്ടിലെ വലതുപക്ഷ സംഘടനയായ ഹിന്ദു മുന്നണി പ്രവർത്തകനായ കോയമ്പത്തൂർ കോവിൽപാളയം സ്വദേശി ശിവയും സുഹൃത്ത് ചന്ദ്രശേഖറുമാണ് അറസ്റ്റിലായത്.
ഇരുവരും പ്രാദേശിക ബാറിൽ നിന്ന് മദ്യപിക്കുന്നതിനിടെയാണ് അധിക്ഷേപ പരാമർശങ്ങളുള്ള വിഡിയോ പകർത്തിയത്. വിഡിയോയിൽ, ശിവ ഒരു മദ്യക്കുപ്പി പ്രദർശിപ്പിക്കുകയും അതിന്റെ ഗുണനിലവാരത്തെ വിമർശിക്കുകയും ചെയ്തു.
അടുത്തിടെ നടന്ന ഡി.എം.കെ പ്രചാരണത്തെ പരാമർശിച്ച് മുഖ്യമന്ത്രി സ്റ്റാലിനെ ശിവ പരിഹസിക്കുകയും ചെയ്തു. 'അപ്പ' (അച്ഛൻ) എന്നുവിളിച്ചാണ് പരിഹസിച്ചത്. തുടർന്ന് കനിമൊഴിയെ 'അത്തായി' (അമ്മായി) എന്ന് പറയുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു.
പിന്നീട് അവർ വിഡിയോ സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്തു. വിഡിയോ പ്രചരിച്ചതോടെ വലിയ പ്രതിഷേധത്തിന് കാരണമായി.
തുടർന്ന് ഡി.എം.കെ ഐ.ടി വിങ് സെക്രട്ടറി ശക്തിവേൽ കോവിൽപാളയം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ശിവയെയും ചന്ദ്രശേഖറിനെയും അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
#Right #wing #activist #friend #arrested #making #derogatory #remarks #MKStalin #Kanimozhi
