(truevisionnews.com)റൊമാനിയയിൽ, ഒരു സ്ത്രീ പതിറ്റാണ്ടുകളായി തന്റെ വീട്ടുവാതിൽക്കൽ വച്ചിരുന്നത് കോടിക്കണക്കിന് രൂപ വില വരുന്ന ഒരു നിധി! ലോകത്തിലെ ഏറ്റവും വലിയ, കേടുകൂടാത്ത ആംബർ ആയിരുന്നു കണ്ടാൽ കല്ല് പോലെ ഇരിക്കുന്ന ഈ വസ്തു.

3.5 കിലോഗ്രാം ഭാരമുള്ള ഒരു പാറയെ പോലെയിരിക്കുന്ന ഇതിന് കോടിക്കണക്കിന് വിലയുണ്ട് എന്ന് അവർക്ക് അറിയില്ലായിരുന്നു. സ്ത്രീ ഇത് ഡോർസ്റ്റെപ്പായി ഉപയോഗിച്ചു വരികയായിരുന്നത്രെ. ഒരു മില്ല്യൺ യൂറോ അതായത് ഏകദേശം 9 കോടിക്ക് മുകളിൽ വില വരും ഇതിന്. ജൈവരത്നങ്ങളുടെ വിഭാഗത്തിൽ പെടുന്ന ആംബർ ചില പ്രത്യേകതരം മരങ്ങളിൽ നിന്ന് ഊർന്നിറങ്ങുന്ന കറയാണ്. വർഷങ്ങളോളം ഇരുന്ന് ഫോസിലുകളായി മാറുന്ന ഇത് ആഭരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്.
എന്നാൽ, ഇത് എന്താണ് എന്ന് അറിയാതെയാണ് റൊമാനിയയിൽ നിന്നുള്ള സ്ത്രീ ഇത് ഡോർസ്റ്റെപ്പായി വച്ചത്. സ്ത്രീയുടെ മരണശേഷം അവരുടെ വീട് പാരമ്പര്യമായി ലഭിച്ച ഒരു ബന്ധുവാണ് ഈ കല്ല് ഒരു സാധാരണ കല്ല് അല്ലെന്നും അതിന് എന്തോ പ്രത്യേകതയുണ്ട് എന്നും സംശയിച്ചത്.
പിന്നീട് വിദഗ്ദ്ധരെക്കൊണ്ട് നോക്കിച്ചപ്പോൾ പോളണ്ടിലെ ക്രാക്കോവിലുള്ള ചരിത്ര മ്യൂസിയത്തിലെ വിദഗ്ധർ പറഞ്ഞത് ഇത് റൊമാനൈറ്റ് എന്ന ഭീമൻ കഷണമാണ്, അത്ര സാധാരണ ഒന്നല്ല എന്നാണ്. ഫോസിലൈസ് ചെയ്ത ഇതിന് 38 മുതൽ 70 ദശലക്ഷം വർഷങ്ങൾ വരെ പഴക്കമുണ്ടാകുമെന്നും വിദഗ്ദ്ധർ പറഞ്ഞു.
അങ്ങനെ പിന്നീട് സ്ത്രീയുടെ ബന്ധു ഇത് റൊമാനിയൻ സർക്കാരിന് വിറ്റു. കടും ചുവപ്പ് നിറത്തിലുള്ള ഈ ആംബറിനെ പിന്നീട് ദേശീയ നിധിയായി പ്രഖ്യാപിച്ചു. 2022 മുതൽ ബുസൗവിലെ പ്രൊവിൻഷ്യൽ മ്യൂസിയത്തിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്.
#Woman #relative #sold #stone #decoration #home #government#treasure #worth #crores #died
