മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ

മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ
Mar 25, 2025 08:19 PM | By VIPIN P V

ആലപ്പുഴ: (www.truevisionnews.com) ജില്ലയിൽ ചെള്ളുപനി സ്ഥിരീകരിച്ചു. രണ്ടാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 22 വയസ്സുകാരിക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.

കുടുംബത്തിനൊപ്പം മൂന്നാറിൽ യാത്ര പോയി തിരിച്ചെത്തിയ യുവതിക്കു കടുത്ത പനി ബാധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.

രണ്ടാഴ്ചയായി ഐസിയുവിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചുപ്പെടുകയാണെന്ന് അധികൃതർ അറിയിച്ചു. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്.

പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലാണ് രോഗാണു കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ ചെള്ളു (മൈറ്റു) കളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.

ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു.

കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം. പുല്‍നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം.

എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്. ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം. പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം.

വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.

#High #fever #Munnar #trip #woman #Alappuzha #develops #fleafever #ICU #two #weeks

Next TV

Related Stories
Top Stories