മണ്ണാർക്കാട്: കടുവയെ വെടിവെച്ചുകൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേർ വനംവകുപ്പിനുമുന്നിൽ കീഴടങ്ങി. പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലിൽ അജീഷ് (42), തേക്കിൻകാട്ടിൽ ജോണി (48) എന്നിവരാണ് മണ്ണാർക്കാട് ഡിഎഫ്ഒ സി. അബ്ദുൾ ലത്തീഫിന് മുമ്പാകെ കീഴടങ്ങിയത്. തുടർന്ന്, അറസ്റ്റുചെയ്യുകയായിരുന്നു.

ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ കേസിലുൾപ്പെട്ട പ്രതികളുടെ എണ്ണം എട്ടായി. കേസിലെ മറ്റുപ്രതികൾക്കായി മണ്ണാർക്കാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഊർജിതമാക്കി.
ശിരുവാണി വനത്തിൽനിന്നാണ് കടുവയെ വെടിവെച്ചുകൊന്നതെന്നാണ് വനംവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പ്രതികളുമൊത്ത് ശനിയാഴ്ച ശിരുവാണി വനത്തിൽ തെളിവെടുപ്പ് നടത്തി. കടുവയുടെ അസ്ഥികൾ കണ്ടെത്തിയതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.
മണ്ണാർക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ. സുബൈർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. മനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എസ്. ലക്ഷ്മീദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ. രമേഷ്, എ. വിനോദ്കുമാർ, വി. അശ്വതി, വി.ആർ. രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
#Tiger #shot #dead #meat #claws #collected #two #absconding #men #surrender
