പത്തനംതിട്ട: (truevisionnews.com) പെരുനാട് സിഐടിയു പ്രവര്‍ത്തകനായ ജിതിന്റെ കൊലപാതകത്തില്‍ എട്ട് പ്രതികളുണ്ടെന്ന് എഫ്‌ഐആര്‍. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്, ആരോമല്‍, മിഥുന്‍, അഖില്‍ എന്നിവരാണ് പ്രതികള്‍.

പ്രതി വിഷ്ണു കാറില്‍ നിന്നും കത്തിയെടുത്ത് ജിതിനെ കുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം പ്രതികള്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനുവും പ്രതികരിച്ചു.
ആസൂത്രിതമായ കൊലപാതകമാണ് പ്രതികള്‍ നടത്തിയതെന്നും ആയുധം കയ്യില്‍ കരുതിയാണ് പ്രതികള്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആരോപിച്ചിരുന്നു.
ജിതിനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു. വടിവാള്‍ കൊണ്ടാണ് ഇവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് ആരോപണം.
എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി ബിജെപി രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് വി എ സൂരജ് പറഞ്ഞു. കൊലപാതകം ബിജെപിയുടെ മുകളില്‍ കെട്ടിവയ്ക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐഎം നിലപാട് പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഒരു പ്രവര്‍ത്തകനും ഈ കൊലപാതകത്തില്‍ പങ്കില്ലെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
പ്രതികളില്‍ ഒരാളായ സുമിത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പെരുനാട് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
#Eight #accused #CITU #activist's #murder #case
