പെരുനാട്: ക്ഷേത്രത്തിലെ ഉത്സവത്തിന് വിളിച്ചുവരുത്തിയശേഷം പതിനാറുകാരിയുമായി മുങ്ങിയ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. റാന്നി തെക്കേപ്പുറം ബ്ലോക്ക്പടി പുള്ളിയിൽ മലമണ്ണേൽ പ്രതീഷ് (21) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ കാണാതായത്. പ്രതീഷിന്റെ നിർദേശപ്രകാരം ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റി കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെരുനാട് സ്റ്റേഷനിൽ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തുനിന്ന് ഇരുവരെയും കണ്ടെത്തിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതീഷിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പോലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ സംബന്ധിച്ച വിവരങ്ങൾ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ കൺട്രോൾ റൂമിനും പോലീസ് കൈമാറിയിരുന്നു.
കുട്ടിയെ യുവാവിനൊപ്പം കോട്ടയത്തുവെച്ച് ട്രെയിനിലാണ്കണ്ടെത്തിയത്. റെയിൽവേ പോലീസ് പെൺകുട്ടിയെ തിരിച്ചറിഞ്ഞ് പെരുനാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചുവർഷമായി പ്രതീഷിന് കുട്ടിയെ അറിയാമെന്ന് പോലീസ് പറഞ്ഞു.
അമ്പലത്തിലെ ഉത്സവത്തിന് ശൂലം കുത്തുന്ന നേർച്ച ഉണ്ടെന്നും അത് കാണുന്നതിന് വരണമെന്നും പ്രതീഷ് കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുതായും പോലീസ് പറഞ്ഞു.
അവിടെനിന്നാണ് കടത്തിക്കൊണ്ടുപോയത്. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ ജി.വിഷ്ണു, എസ്.ഐ. എ.ആർ.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
#summoned #temple #festival #youth #kidnapped #girl #man #arrested
