'മതി ഏട്ടാ വേദനിക്കുന്നു'...., സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെച്ചു, നിലവിളിച്ച് കരയുമ്പോഴും അട്ടഹസിച്ച് ക്രൂരത; റാഗിങ് ദൃശ്യം പുറത്ത്

'മതി ഏട്ടാ വേദനിക്കുന്നു'...., സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെച്ചു, നിലവിളിച്ച് കരയുമ്പോഴും അട്ടഹസിച്ച് ക്രൂരത;  റാഗിങ് ദൃശ്യം പുറത്ത്
Feb 13, 2025 12:45 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.

ശരീരമാസകലം ലോഷന്‍ പുരട്ടിയ നിലയില്‍ തോര്‍ത്തുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടനിലയിലാണ് ജൂനിയര്‍ വിദ്യാര്‍ഥി കട്ടിലില്‍ കിടക്കുന്നത്. തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡര്‍ കൊണ്ട് കുത്തിമുറിവേല്‍പ്പിക്കുകയായിരുന്നു.

വണ്‍, ടൂ, ത്രീ എന്നുപറഞ്ഞാണ് ഓരോയിടത്തും ഡിവൈഡര്‍ കൊണ്ട് കുത്തുന്നത്. ജൂനിയര്‍ വിദ്യാര്‍ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും 'സെക്‌സി ബോഡി'യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വിദ്യാര്‍ഥി കരഞ്ഞുനിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിച്ചുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കില്‍ കണ്ണ് അടച്ചോയെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്.

ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് 'ഞാന്‍ വട്ടം വരയ്ക്കാം' എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തിപരിക്കേല്‍പ്പിക്കുന്നത്.

ഡിവൈഡര്‍ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേല്‍പ്പിച്ചത്. 'മതി ഏട്ടാ വേദനിക്കുന്നു' എന്ന് ജൂനിയര്‍ വിദ്യാര്‍ഥി കരഞ്ഞുപറഞ്ഞിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരത അവസാനിപ്പിക്കുന്നില്ല. വിദ്യാര്‍ഥിയെ ഉപദ്രവിച്ച് അട്ടഹസിക്കുന്നത് ഇവര്‍ തുടരുകയായിരുന്നു.

കഴിഞ്ഞദിവസമാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.

നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.








#Govt #Shocking #footage #brutal #ragging #nursing #college #hostel #out.

Next TV

Related Stories
Top Stories










Entertainment News