ലഖ്‌നൗ: ( www.truevisionnews.com ) ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ അമ്മയേയും നാല് സഹോദരിമാരേയും കൊലപ്പെടുത്തിയ 24-കാരന്‍ ക്രൂരകൃത്യത്തിനുശേഷം വീഡിയോ ചിത്രീകരിച്ചു.
സഹോദരിമാരെ ലൈംഗികവൃത്തിക്കായി വില്‍ക്കാതിരിക്കാനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് പ്രതിയായ അര്‍ഷാദ് വീഡിയോയില്‍ പറയുന്നു.
ബുധൗനിലെ വീട് അയല്‍വാസികളും ഭൂമാഫിയയും കൈവശപ്പെടുത്തി. സഹോദരിമാരെ ലൈംഗികവൃത്തിക്കായി കൊണ്ടുപോകുന്നതിന് പദ്ധതിയിട്ടിട്ടുണ്ട്. അമ്മയേയും മൂന്ന് സഹോദരിമാരേയും കൊലപ്പെടുത്തി.
നാലാമത്തെ സഹോദരിയും മരിക്കാന്‍ പോകുകയാണ്. ശ്വാസം മുട്ടിച്ചും കൈത്തണ്ട മുറിച്ചുമാണ് അവരെ കൊന്നത്. ഇതിന് അച്ഛനും സഹായിച്ചുവെന്നും അര്‍ഷാദ് വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കാണിക്കുന്നതും വീഡിയോയില്‍ കാണാം.
ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. നാക്ക പ്രദേശത്തെ ഹോട്ടലില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാതാവ് അസ്മ, സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്‌സ (16), റഹ്‌മീന്‍ (18) എന്നിവരെയാണ് അര്‍ഷാദ് കൊലപ്പെടുത്തിയത്.
'അയല്‍വാസികളുടെ ക്രൂരത കാരണമാണ് എന്റെ കുടുംബം ഈ അവസ്ഥയിലെത്തിയത്. ഈ വീഡിയോ പോലീസിന് ലഭിക്കുമ്പോള്‍ നാട്ടുകാരാണ് ഉത്തരവാദികളെന്ന് എല്ലാവരും അറിയണം. ഞങ്ങളെ ഉപദ്രവിച്ച് അവര്‍ വീട് പിടിച്ചെടുത്തു. ഞങ്ങള്‍ എതിര്‍ത്തെങ്കിലും ആരും കേട്ടില്ല.
തെരുവില്‍ തണുത്തുവിറച്ച് ഉറങ്ങാന്‍ തുടങ്ങിയിട്ട് 15 ദിവസമായി. ഇനിയും ഇത് തുടരാനാവില്ല. അവര്‍ വീടുകള്‍ പിടിച്ചെടുത്തു. അതിന്റെ രേഖകള്‍ എന്റെ കൈയിലുണ്ട്.'-വീഡിയോയില്‍ അര്‍ഷാദ് പറയുന്നു.
മരണത്തിന് കാരണക്കാരായ നിരവധി ആളുകളുടെ പേരും അര്‍ഷാദ് വീഡിയോയില്‍ പറയുന്നുണ്ട്. റാനു, അഫ്താബ്, അലീം ഖാന്‍, സലീം, ആരിഫ്, അഹമ്മദ്, അസ്ഹര്‍ എന്നിവര്‍ ഭൂമാഫിയയാണെന്നും തന്നേയും അച്ഛനേയും കള്ളക്കേസില്‍ കുടുക്കി സഹോദരിമാരെ ഹൈദരാബാദില്‍ വില്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അര്‍ഷാദ് പറയുന്നു. ഈ കൊലപാതകത്തിലേക്ക് തന്നെ എത്തിച്ചത് ഈ കാരണങ്ങളാണെന്നും പ്രതി കൂട്ടിച്ചേര്‍ക്കുന്നു.
'രാവിലെ ചിലപ്പോള്‍ എന്റെ മൃതദേഹവും നിങ്ങള്‍ കണ്ടേക്കാം. ഞങ്ങള്‍ സഹായത്തിനായി പലരെയും സമീപിച്ചെങ്കിലും അവര്‍ ഞങ്ങളെ സഹായിച്ചില്ല. ഇപ്പോള്‍ എന്റെ സഹോദരിമാര്‍ മരിച്ചു. അല്‍പസമയത്തിനകം ഞാന്‍ മരിക്കും.
ഇന്ത്യയിലെ ഒരു കുടുംബത്തിനും ഈ ദുരവസ്ഥ ഇനിയുണ്ടാകരുത്. ഞാന്‍ നീതിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യര്‍ഥിക്കുകയാണ്.
ഞങ്ങള്‍ക്ക് ജീവിതത്തില്‍ നീതി ലഭിച്ചില്ല കുറഞ്ഞത് മരണത്തിലെങ്കിലും ഞങ്ങള്‍ക്ക് നീതി തരൂ. അവര്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കണം. അവര്‍ക്ക് നേതാക്കളുമായും പോലീസുമായും ബന്ധമുണ്ട്. അവര്‍ ഞങ്ങളുടെ ഭൂമിയുടെ പകുതി പിടിച്ചെടുത്തു. മറുപകുതിയും കൈക്കലാക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ ഭൂമിയില്‍ ഒരു ക്ഷേത്രം പണിയണം. ഞങ്ങളുടെ സാധനങ്ങള്‍ അനാഥായലങ്ങള്‍ക്ക് നല്‍കണം.'വീഡിയോയില്‍ അര്‍ഷാദ് പറയുന്നു.
അതേസമയം അര്‍ഷാദ് ആഗ്ര സ്വദേശിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി സെന്‍ട്രല്‍ ലഖ്‌നൗ ഡി.സി.പി. രവീണ ത്യാഗി വ്യക്തമാക്കിയിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതിന് ഫോറന്‍സിക് സംഘം സ്ഥലത്തുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു.
#up #man #shoots #video #after #killing #mother #sisters