കൊച്ചി: (truevisionnews.com) നൃത്ത പരിപാടിക്കിടെ ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവത്തില്‍ വേദിയിലെ സുരക്ഷാ വീഴ്ച്ച സ്ഥിരീകരിച്ച് സംയുക്ത പരിശോധനാ റിപ്പോര്‍ട്ട്.
താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയ്ക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും സംഘാടകര്‍ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസും അഗ്നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതരവീഴ്ച്ച കണ്ടെത്തിയത്.
വേദിക്ക് സമീപം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വൈദ്യസഹായം ഉണ്ടായിരുന്നില്ല. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ 29 വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.
തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.
തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരുന്നത്.
നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ സിഇഒയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം ആണ് കസ്റ്റഡിയിലായത്.
ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൃദംഗവിഷന്‍ സിഇഒയും എംഡിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിഇഒയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.
#stage #underpowered #serious #mistake #organizers #Reported #security #breach