പയ്യോളി: (truevisionnews.com) കീഴൂർ മഹാശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉത്സവത്തോടനുബന്ധിച്ച് കാനത്തിൽ ജമീല എം.എൽ.എയെ ക്ഷേത്രങ്കണത്തിൽ പ്രവേശിപ്പിച്ചതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്.
കൊയിലാണ്ടി എം.എല്‍.എയും ഇതര മതസ്ഥയുമായ കാനത്തില്‍ ജമീലയെ ക്ഷേത്രമുറ്റത്തുകൂടെ ഊട്ടുപുരയിലേക്ക് കൊണ്ടുപോയത് വഴി ആചാരലംഘനം സംഭവിച്ചുവെന്നാണ് ഹിന്ദുഐക്യവേദി ആരോപിക്കുന്നത്.
സാധാരണ ദിവസങ്ങളില്‍ ആയിരക്കണക്കിന് ഭക്തര്‍ പ്രസാദഊട്ടിനായി ക്ഷേത്രത്തില്‍ എത്താറുണ്ട്. എന്നാല്‍ കൊടിയേറ്റ ദിവസമായ ഡിസംബര്‍ പത്തിന് ഉച്ചക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ സദ്യക്കായി ക്ഷണിച്ചിരുന്നുവത്രെ.
ഇതിലേക്കാണ് എം.എല്‍.എയെ ക്ഷണിച്ചത്. ഊട്ടുപുരയിലേക്കുള്ള പ്രധാന വഴി ക്ഷേത്രമുറ്റത്ത് കൂടെയാണ്. ഇതുവഴി എം.എല്‍.എയെ കൊണ്ടുപോയതാണ് ഹിന്ദുഐക്യവേദി ഏറെ ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കേണ്ടത് ക്ഷേത്രം തന്ത്രിയാണെന്നും, തന്ത്രിയോട് അനുമതി വാങ്ങിയ ശേഷമാണ് എം.എൽ.എയെ പ്രവേശിപ്പിച്ചതെന്നും കീഴൂര്‍ ശിവക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രമേശന്‍ മാസ്റ്റര്‍ പറഞ്ഞു.
പ്രതിഷേധക്കാരെ നേരില്‍ കണ്ടിട്ടുണ്ടെന്നും അടുത്ത തവണ തന്ത്രി വരുമ്പോള്‍ പ്രതിഷേധക്കാരെകൂടി ഉള്‍പ്പെടുത്തി യോഗം വിളിച്ച് പ്രശ്നം പരിഹരിക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
എന്നാല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച ആചാരമാണ് കീഴൂര്‍ ട്രസ്റ്റി ബോര്‍ഡ് ലംഘിച്ചതെന്നും അതിനാല്‍ ഭക്തജനങ്ങളോട് മാപ്പ് പറഞ്ഞ് ബോര്‍ഡ് രാജിവെക്കണമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഭാരവാഹി ടി.പി. ഉപേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് നിയമവഴികളിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കീഴൂരിലും പരിസരത്തും ഹിന്ദു ഐക്യവേദി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
#Hindu #Aikyavedi #against #KanathilJamila #MLA's #entry #temple #grounds