Dec 30, 2024 07:09 PM

കൊച്ചി/കല്‍പ്പറ്റ: ( www.truevisionnews.com ) ഉമ തോമസിന് പരുക്ക് പറ്റിയ നൃത്തപരിപാടിയുടെ സംഘാടനത്തിലെ പിഴവിന് പുറമേ ഗിന്നസ് റെക്കാ‍ർഡിന്‍റെ പേരിൽ നടന്ന പണപ്പിരിവ് കൂടിയാണ് പുറത്തുവരുന്നത്.

12000 നർത്തകരിൽ നിന്നായി മൂന്നുകോടിയോളം രൂപയാണ് സംഘാടകരായ മൃദംഗ വിഷൻ പിരിച്ചെടുത്തത്. എല്ലാവർക്കും ഗിന്നസ് സർട്ടിഫിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇതെല്ലാം.

മൃദംഗ വിഷൻ എന്ന സ്ഥാപനത്തിനെതിരെ കൂടുതൽ ആരോപണമാണ് ഇതോടെ ഉയരുന്നത്. ഉമ തോമസിനുണ്ടായ അപകടത്തിന് പിന്നാലെയാണ് പണപ്പിരിവ് നടത്തിയെന്ന വെളിപ്പെടുത്തലുമായി കൂടുതൽ പേര്‍ രംഗത്തെത്തിയത്.

വയനാട് മേപ്പാടിയിൽ ആണ് മൃദംഗ വിഷന്‍റെ പ്രധാന ഓഫീസ് ഉള്ളത് .അരപ്പറ്റ സ്വദേശിയായ നിഗോഷ് രണ്ടു വർഷത്തോളമായി ജ്യോതിസ് കോംപ്ലക്സിൽ മൃദംഗ വിഷൻ ഓഫീസ് നടത്തുന്നുണ്ട്.

ചെറിയ ഒരു ഓഫീസ് മുറി മാത്രമാണ് മേപ്പാടിയിലുള്ളത്. പ്രീമിയം ആര്‍ട്ട് മാഗസിൻ ഇൻ മലയാളം എന്ന ടാഗ് ലൈനോടെയാണ് മൃദംഗ വിഷന്‍റെ ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിയുടെ സംഘാടകരാണ് മൃദംഗ വിഷൻ. വളരെ അപൂര്‍വമായിട്ടാണ് ഈ ഓഫീസ് തുറക്കാറുള്ളുവെന്നാണ് കെട്ടിട ഉടമ അടക്കമുള്ളവര്‍ പറയുന്നത്.

കൃത്യമായ ക്രമീകരണം ഒരുക്കാതെയാണ് പരിപാടി നടത്തിയതെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകര്‍ പങ്കെടുത്ത ഭരതനാട്യം അവതരണമാണ് കലൂരിൽ നടന്നത്.

ഗിന്നസ് ലോക റെക്കോഡിന്‍റെ സര്‍ട്ടിഫിക്കറ്റ് പങ്കെടുക്കുന്ന എല്ലാവര്‍ക്കും കിട്ടുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെന്നാണ് പങ്കെടുത്തവര്‍ പ്രതികരിച്ചത്.

ലോക റിക്കാർഡെന്ന സംഘാടകരായ മൃദംഗ വിഷന്‍റെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് വിദേശത്തുനിന്നടക്കം നർത്തകർ എത്തിയത്. പങ്കെടുക്കാനെത്തിയ ഓരോരുത്തരിൽ നിന്നും പണപ്പിരിവും നടത്തി.

രണ്ടായിരം മുതൽ ആറായിരം വരെയാണ് ഓരോരുത്തരും മുടക്കിയത്. ഇതിനിടെ, സംഘാടനത്തിലെ പിഴവ് കണ്ടതോടെ പിൻവാങ്ങിയവരുമുണ്ട്.

നർത്തകരുമായി സംഘാടകർ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. ഡാൻസ് സ്കൂളുകൾ വഴിയായിരുന്നു നർത്തകരെ എത്തിച്ചത്. പ്രമുഖ വസ്ത്രശാലയുടെ പുടവയടക്കം നർത്തകർക്ക് വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയടക്കം പങ്കെടുക്കുന്നതിനാൽ സർക്കാർ പിന്തുണയുണ്ടെന്നും പറഞ്ഞിരുന്നതായി നർത്തകർ പറയുന്നു. ടിക്കറ്റുവെച്ചാണ് കാണികളെ കയറ്റിയത്.


#umathomas #stage #accident #3crore #collected #12000 #people #name #guinness #record #more #allegation

Next TV

Top Stories