കോയമ്പത്തൂർ: ( www.truevisionnews.com ) ഡി.എം.കെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ലെന്ന ശപഥവുമായി ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ.
വാർത്തസമ്മേളനത്തിൽ ചെരിപ്പ് അഴിച്ചുമാറ്റുകയും ചെയ്തു അണ്ണാമലൈ. നാളെ വീടിന് മുന്നിൽ ആറുതവണ സ്വയം അടിയേറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ടാണ് അണ്ണാമലൈ ഡി.എം.കെ സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്.
സംഭവത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച അണ്ണാമലൈ, വിദ്യാർഥിനിയെ കുറ്റപ്പെടുത്തുന്ന വിധത്തിലാണ് പൊലീസ് എഫ്.ഐ.ആർ എഴുതിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
എഫ്.ഐ.ആർ എങ്ങനെയാണ് ചോർന്നത്? എഫ്.ഐ.ആർ ചോർത്തിയാണ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയത്. ഇത്തരമൊരു എഫ്.ഐ.ആർ എഴുതി ചോർത്തിയതിന് പൊലീസും ഡി.എം.കെയും ലജ്ജിക്കണം.
നിർഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ സിസിടിവി ക്യാമറ ഇല്ലാത്തത് -അണ്ണാമലൈ ചോദിച്ചു.
വാർത്തസമ്മേളനത്തിനിടെ അണ്ണാമലൈ തന്‍റെ ചെരിപ്പുകൾ ഊരിമാറ്റി. നാളെ മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വ്രതമെടുക്കും.
എല്ലാ പാപങ്ങളും ഇല്ലാതാക്കാനായാണ് സ്വയം അടിയേറ്റുവാങ്ങുക. അണ്ണാ യൂണിവേഴ്സിറ്റിയിലെ ബലാത്സംഗത്തിലെ പ്രതി ഡി.എം.കെ പ്രവർത്തകനാണെന്ന് അണ്ണാമലൈ ആരോപിച്ചു.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡി.എം.കെ നേതാക്കൾക്കുമൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പത്രസമ്മേളനത്തിൽ പുറത്തുവിട്ടു.
ക്രിസ്മസ് ദിവസം പുലർച്ചെയാണ് ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേർ ചേർന്ന് വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതികളിലൊരാൾ അറസ്റ്റിലായിട്ടുണ്ട്.
സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരൻ (37) എന്നയാളാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.
#incident #student #raped #Annamale #more #shoes #until #DMK #rule #ends