റായ്പുര്‍: (truevisionnews.com) ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ അരി മോഷ്ടിച്ചെന്നാരോപിച്ച് ദളിതനെ അടിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
ഇവരില്‍ ഒരാള്‍ ആദിവാസിയാണ്. ദുമാര്‍പള്ളി ഗ്രാമത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കേസിലെ പ്രധാന പ്രതിയായ വീരേന്ദ്ര സിദാര്‍ (50) ശബ്ദം കേട്ട് ഉണര്‍ന്നുവെന്നും ഇരയായ പഞ്ച്‌റാം സാര്‍ത്തി എന്ന ബുട്ടു (50) വീട്ടിലേക്ക് അതിക്രമിച്ചുകയറി ഒരു ചാക്ക് അരി മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് കണ്ടുവെന്നും പൊലീസിന് മൊഴി നല്‍കി.
അയല്‍ക്കാരായ അജയ് പ്രധാന്‍ (42), അശോക് പ്രധാന്‍ (44) എന്നിവരെ വിളിച്ചുവരുത്തി മൂന്നുപേരും ചേര്‍ന്ന് സാര്‍ത്തിയെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
ഗ്രാമത്തിലെ സര്‍പഞ്ച് അറിയച്ചതു പ്രകാരം പൊലീസ് സംഘം രാവിലെ ആറ് മണിയോടെ സംഭവസ്ഥലത്തെത്തി. മരത്തില്‍ കെട്ടിയിട്ട സാര്‍ത്തിയെ അബോധാവസ്ഥയിലാണ് പൊലീസ് കണ്ടെത്തിയത്.
പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികള്‍ സാര്‍ത്തിയെ മുളവടികള്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെ ബി.എന്‍.എസ് സെക്ഷന്‍ 103 (1) പ്രകാരം കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കേസില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് ദലിത് അവകാശ സംരക്ഷണ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.
#Dalit #tied #up #beaten #death #allegedly #stealing #rice #Three #people #arrested